തൃശൂർ: പുലർച്ച എഴുന്നേറ്റാൽ തൊടി മുഴുവൻ അരിച്ചുപെറുക്കുകയാണ് അധ്യാപകർ. കുലച്ച വാഴ വല്ലതും ഒടിഞ്ഞിട്ടുണ്ടെങ്കിൽ കോളായി. കായക്കൊല സ്കൂളിൽ ഉച്ചഭക്ഷണത്തിന് കറിക്ക് ഉപയോഗിക്കാൻ കൊണ്ടുപോകാം എന്നതാണ് സന്തോഷം. വൃശ്ചികം വന്നതോടെ ചേമ്പിൻ ചുവടുകളെല്ലാം തുരന്നു ചേമ്പും സ്കൂളിലെത്തി. സമാനമാണ് ചേനയുടെ കാര്യവും.
പപ്പായ മുഴുവൻ നേരേത്ത തന്നെ കൊണ്ടുപോയി. മുളകും വേപ്പിലയും ചേമ്പിൻതാളും ചീരയും അടക്കം തൊടിയിലെ മുഴവൻ സാധനങ്ങളും സ്കൂൾ പാചകപ്പുരയിൽ എത്തിക്കുകയാണ് അധ്യാപകർ. വീട്ടിലെ സാധനങ്ങൾ കഴിഞ്ഞതോടെ അയൽവീട്ടിലെ തൊടിയിലും കയറി പച്ചക്കറികൾ സ്വരൂപിക്കുകയാണവർ. അടുത്ത ബന്ധുക്കളിൽനിന്നും ഇത്തരം സാധനങ്ങൾ ശേഖരിക്കാൻ ഓടി നടക്കുന്നവരുമുണ്ട്. വിദൂരങ്ങളിൽനിന്ന് എത്തി വാടകക്ക് താമസിക്കുന്നവരാകട്ടെ ഇവ വാങ്ങി നൽകുന്നുമുണ്ട്. രണ്ടു സ്കൂളിൽ ജോലിയുള്ള ദമ്പതികളായ അധ്യാപകർ ഇക്കാര്യത്തിൽ പരസ്പര മത്സരത്തിലാണുള്ളത്.
കഴിഞ്ഞ മൂന്നാഴ്ചയായി റൂബിക്ക അച്ചാറാണ് ഒരു സ്കൂളിലെ മെനുവിലെ പ്രധാന വിഭവം. മറ്റൊരു സ്കൂളിൽ ഇരുമ്പൻപുളി അച്ചാറാണ് താരം. രൂക്ഷമായ വിലക്കയറ്റത്തിൽ ഭക്ഷണം ഒരുക്കാൻ അധ്യാപകർ നടത്തുന്ന ഞാണിന്മേൽ കളിയാണ് ഇതെല്ലാം. ഒന്നു മുതൽ 150 വരെ കുട്ടികൾക്ക് ഒരാൾക്ക് ദിനേന എട്ടുരൂപയാണ് സർക്കാർ സഹായം. 151 മുതൽ 500 വരെ ഏഴും 501ന് മുകളിൽ കുട്ടികൾക്ക് ആറുരൂപയുമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. ഉച്ചഭക്ഷണം നൽകുന്നതിന് ഇത് എങ്ങുമെത്താത്ത തുകയാണിപ്പോൾ. തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകൾ സമരമുഖത്താണ്.
എന്നിട്ടും ഇതൊന്നും കാണാത്തതിന് സമാനമാണ് സർക്കാറിെൻറ പ്രതികരണം. സർക്കാർ (256), എയ്ഡഡ് (676), ഏകാധ്യാപക സ്കൂൾ (ഒന്ന്), സ്പെഷൽ സ്കൂൾ (ഒന്ന്) അടക്കം ജില്ലയിൽ 954 സ്കൂളുകളിലായി 2,41,953 കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ഇവിടെയെല്ലാം തുച്ഛമായ സർക്കാർ സഹായത്തിൽ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പാൽ ഒരു ദിവസമാക്കിയത് അൽപാശ്വാസം
ആഴ്ചയിൽ രണ്ടുദിവസം നൽകിയിരുന്ന പാൽ ഒരുദിവസം ആക്കി ചുരുക്കിയത് അൽപം ആശ്വാസം നൽകുന്നതാണെങ്കിലും കാര്യങ്ങൾ എങ്ങുമെത്താത്ത സാഹചര്യമാണ് നിലവിൽ. ഒരുദിവസം പാലും ഒരുദിവസം മുട്ടയും നൽകിയാൽ പോലും നിലവിൽ നൽകുന്ന തുക എങ്ങുമെത്തുന്നില്ല. ഒരു ലിറ്റർ പാലിന് 55 രൂപയാണ് വില. ഒരു മുട്ടക്ക് നാലു രൂപയുമാണ് വില. പച്ചക്കറിയുടെ തീവിലയ്ക്കൊപ്പം ഇടക്കിടെ കൂട്ടുന്ന പാചകവാതക വിലയും കൂടിയാവുേമ്പാൾ വലിയ പ്രതിസന്ധിയാണുള്ളത്.
സ്കൂളുകളിൽ പച്ചക്കറിത്തോട്ടം വരുന്നു
പച്ചക്കറിത്തോട്ടം ഉള്ള സ്കൂളുകളിൽ കറിക്ക് സാധനങ്ങൾ ലഭിക്കുന്ന സാഹചര്യം നിലവിലുണ്ട്. കുറച്ച് സ്കൂളുകളിൽ മാത്രമാണ് പച്ചക്കറിത്തോട്ടം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പി.ടി.എയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി ഒരുക്കാൻ തയാറെടുക്കുന്ന സ്കൂളുകൾ കൂടുകയാണ്. ഇത് പിടിച്ചുനിൽക്കാൻ വലിയ കച്ചിതുരുമ്പ് അല്ലേലും ചെലവു ചുരുക്കാൻ സഹായകമാവുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ജില്ലയിലെ പല സ്കൂളുകളിലും കൃഷി തുടങ്ങി. പലയിടത്തും ഇതിനായി നിലം ഒരുക്കുന്നതും കാണാം.
അധ്യാപക യോഗങ്ങളിൽ പൊട്ടിത്തെറി
സ്കൂളിൽ അധ്യാപക യോഗങ്ങളിൽ സ്കൂൾ ഉച്ചഭക്ഷണ വിഷയം വല്ലാതെ കത്തുകയാണ്. സർക്കാർ സഹായം എങ്ങുമെത്താത്ത സാഹചര്യത്തിൽ ഉച്ചഭക്ഷണത്തിന് ചെലവാകുന്ന അധിക തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ചർച്ച കാടുകയറുകയാണ്. പി.ടി.എ സഹായം വാങ്ങുന്നത് അടക്കം കാര്യങ്ങളാണ് ചർച്ചയിൽ ഉയരുന്നത്. എന്നാൽ, ഒരുകൂട്ടം അധ്യാപകർ ഉച്ചഭക്ഷണ ചുമതലയുള്ളവർ തന്നെ തുക കണ്ടെത്തണമെന്ന നിലപാട് സ്വീകരിക്കുന്നതാണ് പ്രശ്നം രൂക്ഷമാവാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.