തൃശൂർ: വീട്ടിലെ സ്വർണം മോഷണം പോയതായി പരാതി കൊടുത്തയാൾ മൊഴി കൊടുത്തു കഴിഞ്ഞപ്പോൾ പ്രതിയായി. വീട്ടിലെ സ്വർണം മോഷ്ടിച്ചതിന് പുല്ലഴിയിലെ ചുമട്ടുതൊഴിലാളിയായ വലയത്ത് പ്രദീപിനെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രദീപ് പുല്ലഴിയിലെ വീട്ടിൽനിന്ന് 15 പവൻ സ്വർണം മോഷണം പോയതായി വെസ്റ്റ് പൊലീസിന് പരാതി നൽകിയത്. വീടിെൻറ പിറകിലെ വാതിൽ പൊളിച്ച നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
വാതിൽ തകർക്കാൻ മോഷ്ടാവ് ഉപയോഗിച്ചെന്ന് കരുതുന്ന വെട്ടുകത്തി പൊലീസ് കണ്ടെടുത്തു. പരാതിക്കാരനെ വിശദമായി ചോദ്യം ചെയ്തു. പുല്ലഴിയിലെ ചുമട്ടുതൊഴിലാളിയായ പ്രദീപ് മനക്കൊടിയിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.
സംഭവ ദിവസം താൻ പതിവുപോലെ തറവാട്ടു വീട്ടിലെത്തിയപ്പോഴാണ് വീടിെൻറ വാതിൽ പൊളിഞ്ഞുകിടക്കുന്നത് കണ്ടതെന്നുമായിരുന്നു പ്രദീപിെൻറ ആദ്യ മൊഴി. സ്ഥലത്തെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച പൊലീസുദ്യോഗസ്ഥർ പരാതിക്കാരനായ പ്രദീപിനെയും അയാളുടെ സഹോദരിയെയും അമ്മയെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് കുരുക്കിലായത്. പ്രദീപിെൻറയും സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യമുള്ളതായി പൊലീസ് തിരിച്ചറിഞ്ഞു. അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. മാത്രമല്ല, വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സഹോദരിയുടെ സ്വർണാഭരണങ്ങളെക്കുറിച്ച് പരാതിക്കാരനും അമ്മക്കും സഹോദരിക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. വിശദമായി ചോദ്യം ചെയ്തതോടെ പ്രദീപ് കുറ്റം സമ്മതിച്ചു.
തനിക്ക് ബാധ്യതകളുണ്ടെന്നും, അതിനാലാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചതെന്നും അമ്മയും കുടുംബാംഗങ്ങളും തന്നെ സംശയിക്കാതിരിക്കാനാണ് മോഷണക്കഥയുണ്ടാക്കിയതെന്നും പ്രദീപ് പറഞ്ഞു. വെസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ. റെമിൻ, എ.ഒ. ഷാജി, അസി. സബ് ഇൻസ്പെക്ടർമാരായ ജോയ്, സിവിൽ പൊലീസ് ഓഫിസർമാരായ റിക്സൺ, സുനീബ് എന്നിവരും ഷാഡോ പൊലീസ് അംഗങ്ങളായ സബ് ഇൻസ്പെക്ടർമാരായ ടി.ആർ ഗ്ലാഡ്സ്റ്റൺ, പി.എം. റാഫി, സിവിൽ പൊലീസ് ഓഫിസർമാരായ പഴനിസ്വാമി, ലിഗേഷ്, വിപിൻദാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.