തൃശൂർ: സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിൽ പുറത്തായത് 63,336 പേർ. ഒഴിവായവരിലേറെയും അനർഹരാണെന്നാണ് കണക്കുകൂട്ടൽ. സ്ഥലത്ത് ഇല്ലാത്തവരും മരണപ്പെട്ടവരും ഇതിൽ ചെറിയ ശതമാനം ഉണ്ടാകാം. ആധാർ അധിഷ്ഠിത ബയോമെട്രിക് വിരലടയാള പരിശോധനയിൽ പരാജയപ്പെട്ടവരോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോ ആയ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കുന്നതുവരെ പെൻഷൻ ലഭിക്കില്ല. മസ്റ്ററിങ് പൂർത്തിയാക്കാത്ത കാലയളവിൽ പെൻഷന് അർഹതയുണ്ടാകില്ല.
4,54,715 പേരാണ് നിലവിൽ പെൻഷന് അർഹരായത്. 5,18,051 പേരാണ് നേരത്തെ ഗുണഭോക്തൃപട്ടികയിൽ ഉണ്ടായിരുന്നത്. തൃശൂർ കോർപറേഷനിലാണ് ഏറ്റവും കൂടുതൽ പേർ പുറത്തായത്. സമയപരിധി അവസാനിച്ചെങ്കിലും പുറത്തായവർക്ക് വീണ്ടും മസ്റ്ററിങ് നടത്താൻ അവസരം ഉണ്ടാകും. നേരത്തെ ഒരുതവണ കാലാവധി നീട്ടിനൽകിയിരുന്നു. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് നടത്തേണ്ടത്. ആധാർ അധിഷ്ഠിത മസ്റ്ററിങ് ചെയ്യാൻ 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്ററിങ് ചെയ്യാൻ 50 രൂപയുമാണ് ഈടാക്കുന്നത്. മസ്റ്ററിങ്ങിൽനിന്ന് ഇത്രയേറെ പേർ പുറത്തുപോയതിന്റെ കാരണം വ്യക്തമല്ല. അനർഹരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി പരിശോധന കർശനമാക്കിയതാണ് പ്രധാന കാരണമെന്നാണ് കണക്കുകൂട്ടൽ.
തൃശൂർ കോർപറേഷൻ - 6478
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി - 1788
ഇരിങ്ങാലക്കുട - 1481
കൊടുങ്ങല്ലൂർ - 1601
ഗുരുവായൂർ - 1174
വരന്തരപ്പള്ളി ഗ്രാമപഞ്ചായത്ത് - 1002
പുത്തൂർ - 1503
പുന്നയൂർ - 1116
പാണഞ്ചേരി - 1381
ആളൂർ - 1099
ക്ഷേമപെൻഷൻ വാങ്ങിയിരുന്നവർ - 5,18,051
മസ്റ്ററിങ് പൂർത്തിയാക്കിയവർ - 45,4715
ബാക്കിയുള്ളവർ - 63,336
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.