കയ്പമംഗലം: ബാറിൽ വെച്ച് യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കാത്തിരുത്തി സ്വദേശി പുത്തിരിക്കാട്ടിൽ കണ്ണൻ എന്ന ജിനോദ് (36), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പണിക്കശേരി സഞ്ചു (23) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരെൻറ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ പി. സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒമ്പതോടെ അറവുശാലയിലെ ചാന്ദ്വി ബാറിൽ വെച്ചാണ് കയ്പമംഗലം പള്ളിത്താനം സ്വദേശി വയനാട്ടുപടി അനസിന് (41) കുത്തേറ്റത്. നേരത്തേ അനസും കണ്ണനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനുശേഷം ബാറിൽവെച്ച് കണ്ടപ്പോൾ വീണ്ടും വാക്കുതർക്കം ഉണ്ടാകുകയും കണ്ണൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനസിനെ കുത്തിപ്പരിക്കേൽപിക്കുകയുമായിരുന്നു. വയറിന് രണ്ട് കുത്തേറ്റ അനസ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ബാറിലെ സി.സി.സി.ടി.വി പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽ പോകാൻ വേണ്ടി തൃശൂരിലെത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. വധശ്രമത്തിനാണ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ കെ.എസ്. അബ്ദുൽ സലാം, അബ്ദുൽ സത്താർ, എ.എസ്.ഐ സാബു, സീനിയർ സി.പി.ഒ രമേഷ്, സി.പി.ഒമാരായ അനൂപ്, രാഹുൽ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.