ചാലക്കുടി: വേനൽ കനത്തതോടെ ദേശീയ പാതയോരത്തെ തുടർച്ചയായ തീപിടിത്തങ്ങൾ അഗ്നിരക്ഷ സേനക്ക് തലവേദനയാകുന്നു. ദേശീയപാതയോരത്തെ കാടും പടർപ്പുകളും വെട്ടി തെളിക്കാത്തതിനാൽ വേനൽക്കാലത്ത് അവ ഉണങ്ങി നിൽക്കുകയാണ്. ചെറിയൊരു തീപ്പൊരി പോലും വലിയ ദുരന്തത്തിലേക്ക് നയിക്കുന്നു. കൂടാതെ വഴിയോരത്ത് മാലിന്യം തള്ളുന്നതും തീപിടിത്തത്തിന് വഴിയൊരുക്കുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലും രാവിലെയുമായി രണ്ട് തീപിടിത്തങ്ങളാണ് ചാലക്കുടി അഗ്നിരക്ഷ സേന അണച്ചത്.
ദേശീയ പാതയിൽ മുരിങ്ങൂർ ടോണിക്കോ കഫേക്ക് എതിർവശത്താണ് ആദ്യം തീപിടിത്തമുണ്ടായത്. റോഡിരികിൽ കൂട്ടിയിട്ട മാലിന്യത്തിന് ആരോ തീയിട്ടതാണ് കാരണം. ചാലക്കുടി അഗ്നിരക്ഷ സേനയിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ. അജിത്കുമാർ, യു. അനൂപ്, രോഹിത് കെ. ഉത്തമൻ, നിഖിൽ കൃഷ്ണൻ എന്നിവർ എത്തി നിയന്ത്രണവിധേയമാക്കി.
മറ്റൊരു തീപിടിത്തം ഉണ്ടായത് പോട്ട ആശ്രമം സിഗ്നൽ ജങ്ഷന് സമീപമാണ്. ദേശീയപാതയുടെ അരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്ക് ആരോ തീ ഇട്ടതാണ് ഇവിടേയും വില്ലനായത്. അഗ്നിരക്ഷ സേനയെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.