തൃശൂര്‍: അഡ്വാന്‍സ്ഡ് ഓട്ടോമാറ്റിക് റെയില്‍വേ സിസ്റ്റം എന്ന പേരില്‍ അത്യാധുനിക റെയില്‍ സാങ്കേതികവിദ്യയാണ് കാല്‍ഡിയന്‍ സിറിയന്‍ എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ ഡാനിയല്‍ ജോണ്‍സണ്‍, എവിന്‍ കെ. ടിജോ എന്നിവര്‍ ശാസ്‌ത്രോത്സവത്തില്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട് ബ്രിഡ്ജ്, ലേസര്‍ സിസ്റ്റം, ഓട്ടോമാറ്റിക് റെയില്‍വേ ഗേറ്റ്, ഫ്ലാപ് സിസ്റ്റം എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.
പ്ലാറ്റ്‌ഫോമുകള്‍ മുറിച്ചുകടക്കാന്‍ സഹായിക്കുന്നതാണ് സ്മാര്‍ട്ട് ബ്രിഡ്ജ്. പ്ലാറ്റ്‌ഫോമുകളുടെ ഉയരത്തിന് ഏറെക്കുറെ സമാന്തരമായാണ് ഇത് സ്ഥാപിക്കുക. ട്രെയിൻ കടന്നുവരുമ്പോള്‍ ബ്രിഡ്ജ് നീങ്ങിമാറും. ഇതോടെ തടസ്സമൊന്നുമില്ലാതെ സഞ്ചരിക്കാം. ട്രെയിൻ പോയിക്കഴിഞ്ഞാല്‍ ബ്രിഡ്ജ് പഴയരീതിയിലേക്ക് എത്തും. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഇതിലൂടെ ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊന്നിലേക്ക് കടക്കാം.
വനമേഖലയിലൂടെ പോകുന്ന റെയില്‍പാതകളില്‍ കാട്ടാനകള്‍ കടന്നുവരുന്നത് ഒഴിവാക്കാനുള്ളതാണ് ലേസര്‍ സിസ്റ്റം. ആനകള്‍ പാളത്തില്‍ പ്രവേശിച്ചാല്‍ ഉടന്‍ അലാറം മുഴങ്ങുകയും സിഗ്നല്‍ പോസ്റ്റില്‍ ചുവപ്പ് വെളിച്ചം കത്തുകയും ചെയ്യും. കൂടാതെ ലോക്കോ പൈലറ്റിന് ഒരു കിലോമീറ്റര്‍ മുമ്പ് വെച്ച് ഇതുസംബന്ധിച്ച അറിയിപ്പും ട്രെയിനിൽ ലഭിക്കും. ഇതോടെ ട്രെയിൻ നിര്‍ത്താന്‍ സാധിക്കും.
നിലവിലെ മാന്വല്‍ റെയില്‍വേ ഗേറ്റുകള്‍ക്ക് പകരമാണ് ഓട്ടോമാറ്റിക് ഗേറ്റ്. ഗേറ്റിന് ഒരു കിലോമീറ്റര്‍ മുമ്പ് സ്ഥാപിക്കുന്ന സിഗ്നല്‍ പോസ്റ്റിന് സമീപം ട്രെയിൻ എത്തിയാല്‍ ഗേറ്റ് തനിയെ അടയും. തുടര്‍ന്ന് ട്രെയിൻ കടന്നുപോയശേഷം തുറക്കുകയും ചെയ്യും. പ്ലാറ്റ്‌ഫോമുകളില്‍നിന്ന് യാത്രക്കാര്‍ പാളത്തിലേക്ക് വീഴുന്നത് തടയുന്ന സംവിധാനമാണ് ഫ്ലാപ് സിസ്റ്റം. ട്രെയിന്‍ വരുന്നതിനു മുമ്പ് പ്ലാറ്റ്‌ഫോമിന്റെ അഗ്രഭാഗം മതില്‍ പോലെ ഉയര്‍ന്നുനിന്ന് യാത്രക്കാര്‍ പാളത്തിലേക്ക് വീഴുന്നത് തടയുകയും ട്രെയിന്‍ എത്തിയാല്‍ പഴയരീതിയില്‍ ആകുന്നതുമാണ് ഇതിന്റെ പ്രവര്‍ത്തനരീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.