തൃശൂർ: തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും അസഭ്യം വിളിച്ചതായും ജോലി തടസ്സപ്പെടുത്തിയതായും ആരോപിച്ച് കോർപറേഷൻ കോൺഗ്രസ് കൗൺസിലറായ മഹിള കോൺഗ്രസ് നേതാവിനെതിരെ പരാതി. കാര്യാട്ടുകര ഡിവിഷൻ കൗൺസിലർ ലാലി ജയിംസിനെതിരെയാണ് പരാതി. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. കെ.എസ്. ശാഗിനയാണ് വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ എത്തിയ ലാലി ജയിംസ് കോവിഡ് മാനദണ്ഡങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചപ്പോൾ ശരിയായ രീതിയിൽ മാസ്ക് ധരിക്കാൻ നിർദേശിച്ചതാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ഡോക്ടർക്ക് പുറമെ ആശുപത്രി സൂപ്രണ്ട്, നഴ്സിങ് ജീവനക്കാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ എന്നിവർക്കെതിരെയും കൗൺസിലർ അസഭ്യം വിളിച്ചതായി പറയുന്നു.
അതേസമയം, രോഗിയെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ തന്നോടാണ് ഡോക്ടർ അപമര്യാദയായി പെരുമാറിയതെന്ന് കൗൺസിലർ ലാലി ജയിംസ് പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന തെൻറ ഡിവിഷനിൽപെട്ട യുവാവിനെ കാണാതായിരുന്നു. മൂന്ന് മാസത്തെ അന്വേഷണത്തിന് ശേഷം പൊലീസ് ഇയാളെ കണ്ടെത്തി. ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആശുപത്രിയിലെത്തിയത്.
രോഗികളോടും അവരുടെ ബന്ധുക്കളോടും വളരെ മോശമായും ക്രൂരമായും പെരുമാറുന്നത് നേരിൽ കണ്ടു. താൻ കൊണ്ടുചെന്ന രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തയാറായില്ല. ഇൻജക്ഷനും മയങ്ങാനുള്ള ഗുളികകളും നൽകി വിട്ടയക്കുകയായിരുന്നു. തന്നോട് മോശമായി പെരുമാറിയതിനെതിരെ പൊലീസിലും ഡി.എം.ഒക്കും പരാതി നൽകിയിട്ടുണ്ടെന്നും ലാലി ജയിംസ് പറഞ്ഞു.
പരാതിയിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ അപലപനീയമാണെന്നും ഡോക്ടർക്ക് തുടർ നിയമനടപടികളുമായി മുന്നോട്ടു പോകാൻ വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. അസീനയും ഡോ. വേണുഗോപാലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.