കുന്നംകുളം: സംസ്ഥാന പാതയിലെ പാറേമ്പാടത്ത് പൈപ്പ് പൊട്ടിയതോടെ അറ്റകുറ്റപണിക്കായി റോഡ് പൊളിച്ചത് മറ്റൊരിടത്ത്. കുഴിയെടുത്തതോടെ പൈപ്പ് പൊട്ടിയ ഇടം എതിർ ദിശയിലാണെന്ന് അറിഞ്ഞതോടെ കുഴി മൂടാൻ നിർദേശിച്ച് ജല വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടു.
രണ്ട് ദിവസം മുമ്പാണ് പാറേമ്പാടം ബസ് സ്റ്റോപ്പിന് സമീപം പൈപ്പ് പൊട്ടിയത്. വെള്ളം പരന്നൊഴുകിയെങ്കിലും പൊട്ടിയ ഭാഗം കണ്ടെത്താനായില്ല. വെള്ളം പൊന്തിയ സ്ഥലത്താകുമെന്ന് കരുതി അറ്റകുറ്റപണിക്ക് ബുധനാഴ്ച മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് റോഡ് പൊളിച്ചതോടെയാണ് മറ്റൊരിടത്താണ് പൈപ്പ് പൊട്ടിയതെന്നറിയുന്നത്.
തൃത്താലയിൽനിന്നുള്ള പാവറട്ടി ശുദ്ധജല പദ്ധതിയുടെ 700 പ്രിമോ പൈപ്പാണ് പൊട്ടിയതെന്നായിരുന്നു അധികൃതരുടെ നിഗമനം. പൊട്ടിയിടത്തിലൂടെ വെള്ളം ഒഴുകുന്നത് ചൊവ്വാഴ്ച വൈകീട്ടോടെയാണ് നിലച്ചത്. പരിശോധനയിൽ പൊട്ടിയത് ഗുരുവായൂർ ഭാഗത്തേക്ക് വെള്ളം വിതരണം ചെയ്യുന്ന 450 പ്രിമോ പൈപ്പാണ് എന്ന് സ്ഥിരീകരിച്ചു.
റോഡ് പൊളിച്ചത് വൈകീട്ടോടെ മണ്ണിട്ട് മൂടി. യഥാർഥത്തിൽ പൈപ്പ് പൊട്ടിയ എതിർവശത്ത് ഇനി അടുത്തദിവസം റോഡ് പൊളിച്ചെങ്കിലേ അറ്റകുറ്റപണി തീർക്കാനാകൂ. അശാസ്ത്രീയമായ പരിശോധനയാണ് ഇത്തരത്തിൽ പൊട്ടാത്തിടത്ത് റോഡ് പൊളിച്ച് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
മൂന്ന് വർഷം മുമ്പ് ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടി അറ്റകുറ്റപണി പൂർത്തിയാകാതെ ഉപേക്ഷിച്ച് പോയതോടെ രൂപപ്പെട്ട കുഴിയിൽ അകപ്പെട്ട് തെറിച്ച് വീണ് ലോറിക്കടിയിൽപ്പെട്ട് തൃശൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.