തൃശൂർ: സൂക്ഷ്മതയോടെ കരുതിയിരുന്നില്ലെങ്കിൽ ഇനി വലിയ തുക നിരന്തരം പിഴയൊടുക്കേണ്ടിവരും. 2023ൽ നിലവിൽവന്ന കേരള പൊതുജനാരോഗ്യ നിയമം കർശനമായി നടപ്പാക്കാനൊരുങ്ങുകയാണ് ജില്ല ഭരണകൂടം. ഇതിന്റെ പ്രാരംഭനടപടികൾ തുടങ്ങിക്കഴിഞ്ഞു.
ആരോഗ്യ, ശുചിത്വ, മലിനീകരണ വിഷയങ്ങളിൽ വലിയ തുക പിഴയീടാക്കുന്നതാണ് നിയമം. 2023 നവംബർ 28ന് സർക്കാർ നിയമം പാസാക്കിയത് സംബന്ധിച്ച് വിജ്ഞാപനമിറങ്ങിയിരുന്നു. ഇതേതുടർന്ന് നിയമം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിന് സംസ്ഥാന പൊതുജനാരോഗ്യ സമിതി മാർച്ച് 17ന് യോഗം ചേരുകയും ചെയ്തു.
എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടർന്ന് ഈ മാസം 29ന് ജില്ലയുടെ പൊതുജനാരോഗ്യ സമിതി ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മേയ് മൂന്നാമത്തെ ആഴ്ചയിൽ നിയമം ജില്ലയിൽ കർശനമായി നടപ്പാക്കാനാണ് തീരുമാനം.
നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി എല്ലാ പൊതുജനാരോഗ്യ സമിതികളും മേയ് 15നുള്ളിൽ കൂടണമെന്ന് സമിതി നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പരിശീലനം നൽകും.
പകർച്ചവ്യാധികൾ ശ്രദ്ധയിൽപെട്ടാൽ നിയമത്തിൽ പറഞ്ഞിരിക്കുന്ന തരത്തിൽ ഉടൻ അറിയിക്കുന്നതിന് ആശുപത്രികൾ, ലാബുകൾ, ക്ലിനിക്കുകൾ എന്നിവക്ക് അറിയിപ്പ് നൽകും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പൊതുജനങ്ങൾക്ക് നിയമം സംബന്ധിച്ച ബോധവത്കരണം ഉറപ്പുവരുത്തണമെന്നും സമിതി അറിയിച്ചു.
ആശ വർക്കർമാർ, കുടുംബശ്രീ ഭാരവാഹികൾ, ഹരിത കർമസേന അംഗങ്ങൾ എന്നിവർക്കും നിയമം സംബന്ധിച്ച ബോധവത്കരണം നൽകും. ഡെങ്കിപ്പനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മേയ് മാസത്തിൽ തന്നെ കൊതുകുജന്യ രോഗങ്ങൾക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ നിയമം മൂലം നടപടിയെടുക്കാൻ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും.
പകർച്ചവ്യാധികൾക്ക് കാരണമാകുന്നതും മറ്റു പൊതുജനാരോഗ്യപ്രശ്നങ്ങളിലും പകർച്ചവ്യാധി നിയന്ത്രണത്തിനും വളരെ വിപുലമായ അധികാരങ്ങളാണ് നിയമം ഉറപ്പാക്കുന്നത്. ആരോഗ്യ വകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിൽ വരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് ഏത് സ്ഥാപനത്തിലും പരിസരത്തും നോട്ടിസ് കൂടാതെ പ്രവേശിക്കുന്നതിനും പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും നിയമം അധികാരം നൽകുന്നു.
ജില്ലതല മേൽനോട്ടം ജില്ല മെഡിക്കൽ ഓഫിസർക്കും സ്ഥാപനതല മേൽനോട്ടം ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫിസർക്കുമാണ്. ബന്ധപ്പെട്ട പൊതുജനാരോഗ്യ സമിതികൾ ഇതിനെ സഹായിക്കും. നിയമസഭ പാസാക്കിയ കേരള പൊതുജനാരോഗ്യ നിയമം-2023 ജില്ലയിൽ മേയ് മൂന്നാം വാരം മുതൽ പിഴയോടു കൂടി കർശനമായി നടപ്പാക്കാൻ തീരുമാനമായതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് വാര്ത്തസമ്മേളനത്തില് പറഞ്ഞു.
ഡെങ്കിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തിൽ 25നകം പ്രത്യേക പരിശോധന നടത്തും. ആരോഗ്യ വകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിൽ വരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് ഏതു സ്ഥാപനവും പരിസരവും നോട്ടിസ് കൂടാതെ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും നിയമത്തിൽ അധികാരമുണ്ട്.
വിവിധ കുറ്റകൃത്യങ്ങൾക്ക് 2000 രൂപ മുതൽ 50,000 രൂപവരെയാണ് പിഴ. ജലസ്രോതസ്സ് മലിനമാക്കൽ, പകർച്ചവ്യാധികൾക്ക് കാരണമാകുന്ന വിധത്തിലും പൊതുജനാരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന തരത്തിലും ശുചിമുറികൾ പ്രവർത്തിപ്പിക്കൽ, പൊതു-സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം തള്ളൽ എന്നീ കുറ്റകൃത്യങ്ങൾക്ക് പിഴക്ക് പുറമെ തടവുശിക്ഷ കൂടി നിയമം അനുശാസിക്കുന്നു.
കുറ്റം ആവർത്തിക്കുന്ന സാഹചര്യത്തിൽ പരമാവധി പിഴയുടെ ഇരട്ടി തുകയും ഒടുക്കണമെന്ന് ഡി.എം.ഒ ഡോ. ടി.പി. ശ്രീദേവി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ. സതീഷ്, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-1 പി.കെ. രാജു, മാസ് മീഡിയ ഓഫിസർ പി.എ. സന്തോഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.