അതിരപ്പിള്ളി: എണ്ണപ്പന കൃഷി ആരംഭിച്ചതോടെ അതിരപ്പിള്ളി, ഏഴാറ്റുമുഖം മേഖലയിൽ കാട്ടാനശല്യം രൂക്ഷം. കാട്ടാനകൾക്ക് രുചികരമായി അനുഭവപ്പെടുന്ന പനയുടെ ഇലകളും തടിയുടെ ഇളംമധുരമുള്ള ചോറും തേടിയാണ് ഇവ വന്നെത്തുന്നത്. വേനൽക്കാലത്ത് ചാലക്കുടിപ്പുഴയിൽനിന്ന് വെള്ളം കുടിക്കാനും നീരാട്ടിനുമായും കൂട്ടം കൂടിയെത്തുന്നു. കാട്ടിൽ ഭക്ഷണം കുറഞ്ഞത് നാട്ടിലേക്കിറങ്ങാൻ മറ്റൊരു കാരണമായി. കാട്ടാനക്കൂട്ടത്തിന്റെ ഇറങ്ങിവരവ് മലയോര പ്രദേശത്ത് ആൾനാശം, കൃഷിനാശം, ഗതാഗതപ്രശ്നം, വൈദ്യുതി തടസ്സം എന്നിവക്ക് കാരണമാകുന്നുണ്ട്.
വാഴച്ചാൽ, അതിരപ്പിള്ളി വനമേഖലയിൽനിന്ന് മാത്രമല്ല, പുഴയുടെ മറുവശത്ത് മലയാറ്റൂർ ഡിവിഷനിലെ വനമേഖലയിൽനിന്ന് ഒറ്റക്കും കൂട്ടായും കാട്ടാനകൾ ഭക്ഷണം തേടിയും വെള്ളം തേടിയും കാടിറങ്ങി വരുന്നത് പ്രദേശവാസികൾക്കും തൊഴിലാളികൾക്കും വിനോദസഞ്ചാരികൾക്കും പലപ്പോഴും ജീവന് ഭീഷണിയാണ്. 1992ലാണ് കാലടി പ്ലാന്റേഷൻ കോർപറേഷൻ ആദ്യമായി ഈ മേഖലയിൽ എണ്ണപ്പന കൃഷി ആരംഭിക്കുന്നത്. 1993,95, 96, 2000 കാലഘട്ടത്തിൽ ഇത് അധികൃതർ വിപുലപ്പെടുത്തി.
അതിരപ്പിള്ളി, ഏഴാറ്റുമുഖം എന്നിങ്ങനെ ചാലക്കുടിപ്പുഴയുടെ തീരത്ത് എറണാകുളം, തൃശൂർ ജില്ലകളിലായി 1000ത്തിൽപരം ഹെക്ടറിലാണ് എണ്ണപ്പന കൃഷി ഇപ്പോൾ നടത്തുന്നത്. ഈ കൃഷിക്ക് ഈർപ്പം ആവശ്യമുണ്ടെന്നതാണ് ഈ മേഖല തെരഞ്ഞെടുക്കാൻ കാരണം. 1996ൽ ആദ്യത്തെ വിളവെടുപ്പ് നടത്തി.
കാട്ടാനകൾക്ക് ഇവ പ്രിയങ്കരമായി മാറിയതോടെ എണ്ണപ്പന കൃഷിയിടങ്ങളിൽനിന്ന് രാവും പകലും അവയുടെ സാന്നിധ്യം നിറഞ്ഞു. ആയിരക്കണക്കിന് പനകളാണ് കാട്ടാനകൾ കുത്തി നശിപ്പിച്ചത്. കാട്ടാനകൾ എണ്ണപ്പനകൾ തള്ളിയിടുന്നതുമൂലം മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിൽ മിക്കപ്പോഴും ഗതാഗതതടസ്സവും പോസ്റ്റുകൾ തകർന്നും വൈദ്യുതി കമ്പികൾ തകർന്നും മേഖലയിൽ വൈദ്യുതി നഷ്ടവും പതിവാണ്. റബറിന് വിലയിടിഞ്ഞതോടെയും എണ്ണപ്പന കൃഷിക്ക് വലിയ ലാഭം ലഭിച്ചതോടെയും പ്ലാന്റേഷൻ അധികാരികൾ ഈ കൃഷിയിൽ ഉറച്ചുനിൽക്കുകയാണ്. കാട്ടാന നശിപ്പിക്കുന്ന പനകൾക്ക് പകരം പുതിയ തൈകൾ വെച്ചുപിടിപ്പിച്ച് തോട്ടം നവീകരിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.