തൃശൂർ: എന്തു ചെയ്യണമെന്നറിയാതെ അരക്ഷിതാവസ്ഥയിൽ നാളുകൾ തള്ളിനീക്കുകയാണ് ഹോട്ടൽ ഉടമകൾ. മൊത്തം ഹോട്ടലുകളിൽ 30 ശതമാനം മാത്രമേ നാളിതുവരെ പ്രവർത്തനം തുടങ്ങിയിട്ടുള്ളൂ. നിയന്ത്രണങ്ങളെത്തുടർന്ന് അനുവദനീയമായ പാർസൽ, ടേക്ക് എവേ സംവിധാനങ്ങളിലാണ് പ്രതീക്ഷ. പാർസലുകൾ ഏറെയും നോൺവെജ് - അറേബ്യൻ വിഭവങ്ങളൊരുക്കുന്ന ഹോട്ടലുകൾക്കാണ്. മറ്റു ഹോട്ടലുകൾ തട്ടിയും മുട്ടിയും തള്ളിനീക്കുന്നുവെന്ന് മാത്രം. ഇതിന് പുറമെയാണ് ഓൺലൈൻ ഭക്ഷ്യവിതരണക്കാരുടെ ചൂഷണം. മൊത്തം തുകയുടെ 30 ശതമാനം കിഴിവാണ് മിക്ക ഓൺലൈൻ കമ്പനികളും ആവശ്യപ്പെടുക. ഇതിൽ നിന്നാണ് അവർ ഓഫറുകൾ പ്രഖ്യാപിക്കുന്നതും. മാത്രമല്ല, അവരിൽ നിന്ന് പണമെത്താൻ മാസം കഴിയേണ്ടിവരുന്നുണ്ടെന്ന് ഹോട്ടലുടമകൾ പറയുന്നു.
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴും ഹോട്ടൽ മേഖലക്ക് നിയന്ത്രണം തുടരുന്നതിനാൽ തൊഴിൽ നഷ്ടപ്പെട്ട് കഷ്ടപ്പെടുകയാണ് ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ. ബാങ്ക് വായ്പ തിരിച്ചടവ്, വാടക, വൈദ്യുതി ബില്ലുകൾ എന്നിവ താങ്ങാനാവാതെ ഹോട്ടലുടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ബിവറേജസ് ഔട്ട്ലെറ്റുകളിൽ അടക്കം വലിയ ആൾക്കൂട്ടവും തിരക്കുമുള്ള പശ്ചാത്തലത്തിൽ ഹോട്ടലുകൾക്ക് നിയന്ത്രണം തുടരുന്നതിൽ ഹോട്ടലുടമകൾ പ്രതിഷേധത്തിലാണ്. ട്രിപ്ൾ ലോക് ഡൗൺ ദിവസങ്ങളിൽ പാർസൽ നൽകരുതെന്ന നിർദേശം യുക്തിക്ക് നിരക്കുന്നതല്ലെന്നും നിയന്ത്രണം കാരണം ഭൂരിപക്ഷം ഹോട്ടലുകളും റസ്റ്റാറൻറുകളും അടഞ്ഞുകിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സർക്കാറിന് നിവേദനം നൽകിയിരുന്നു.
സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഇരിപ്പിടങ്ങളിലെങ്കിലും ആളുകളെ പ്രവേശിപ്പിക്കണമെന്നും ടി.പി.ആർ 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും രാത്രി ഒമ്പതര വരെ പ്രവർത്തനാനുമതി നീട്ടണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഓൺലൈൻ ഭക്ഷണ വിതരണക്കാരുടെ ചൂഷണം മറികടക്കാൻ ഹോട്ടലുടമകളുടെ സംഘടന 'രസോയി' എന്ന ആപ് പുറത്തിറക്കിയിട്ടുണ്ട്. കോർപറേഷൻ മേഖലയിൽ മാത്രമാണ് ഇപ്പോൾ സേവനം.
അസോസിയേഷന് കീഴിലെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം ആവശ്യക്കാരിലെത്തിക്കാൻ ആപ് കൂടുതൽ ജനപ്രിയമാകാനുള്ള വഴികൾ തേടുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.