തൃശൂർ: ഏഷ്യയിലെ ആദ്യ യുനെസ്കോ പഠനനഗരമായി തൃശൂരിനെ പ്രഖ്യാപിച്ചു. വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്ന സന്ദേശത്തിലാണ് യുനെസ്കോ ലോകത്തെ 20 നഗരങ്ങളിൽ ഒന്നായി തൃശൂരിനെ തെരഞ്ഞെടുത്തത്. പഠനനഗരി പ്രഖ്യാപനവും ലേണിങ് സിറ്റി അംബാസഡര്‍മാരെ പ്രഖ്യാപിക്കലും തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
പൊതുവിദ്യാഭ്യാസത്തിനൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയിലും മികവ് നേടാനാകണമെന്നും അതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും കേരളത്തെ വിജ്ഞാനസമൂഹമാക്കി വളർത്താനുള്ള ഭൗതികസാഹചര്യം ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ ലോകഹബ്ബായി കേരളത്തെ മാറ്റാനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതെന്ന് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറുകളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി കെ. രാജൻ പറഞ്ഞു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, അർബൻ അഫയേഴ്സ് ഡയറക്ടർ അരുൺ വിജയൻ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി. അലക്സ്, ഡോ. അജിത് കള്ളിയത്ത്, ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്ഥിരം സമിതി അധ്യക്ഷരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, എൻ.എ. ഗോപകുമാർ, സെക്രട്ടറി ആർ. രാകേഷ് കുമാർ എന്നിവർ സംസാരിച്ചു.
കോർപറേഷന്റെ നേതൃത്വത്തിൽ കില, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്, തൃശൂർ ഗവ. എൻജിനീയറിങ് കോളജ്, സർക്കാർ വകുപ്പ്, സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പഠനനഗരി പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.