തൃശൂർ: ഒരു കാലഘട്ടത്തിൽ ദേശീയ രാഷ്ട്രീയത്തിെൻറ ഗതിവിഗതികൾ നിയന്ത്രിച്ച ലീഡർ കെ. കരുണാകരനും കൃഷിമന്ത്രിമാരിൽ പരിഷ്കാരത്തിന് തുടക്കമിട്ട സി.പി.ഐ നേതാവ് വി.വി. രാഘവനും പാർലമെൻററി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത് തൃശൂർ നഗരസഭ കൗൺസിലർമാരായി. 1945 മുതൽ 1947 വരെയാണ് കരുണാകരൻ തൃശൂർ നഗരസഭ അംഗമായിരുന്നത്. കരുണാകരൻ കണ്ണൂർ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് പഠനം കഴിഞ്ഞ് തൃശൂരിൽ എത്തിയത് ചിത്രരചന പഠിക്കാനാണ്.
27ാം വയസ്സിൽ ചെമ്പുക്കാവ് വാർഡിൽനിന്നാണ് വിജയിച്ചത്. അവിടെ വിജയിച്ച അംഗം പാമ്പുകടിയേറ്റ് മരിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെയായിരുന്നു കരുണാകരെൻറ വിജയം. ഡിവിഷനിലെ എല്ലാ വീടുകളിലും ചുരുങ്ങിയ നാളുകളിൽ തന്നെ കരുണാകരൻ കയറിയിറങ്ങുകയും വോട്ടർമാരെ നേരിൽ കാണുകയും ചെയ്തിരുന്നു.
മൂന്ന് വർഷം മാത്രം നഗരസഭ അംഗമായ കരുണാകരെൻറ കൗൺസിൽ കാലം ശ്രദ്ധേയമായിരുന്നു. 1948ൽ കൊച്ചി നിയമസഭയിലേക്ക് ഒല്ലൂക്കര മണ്ഡലത്തിൽനിന്നും 1951ൽ തിരു-കൊച്ചി നിയമസഭയിലേക്ക് വിയ്യൂരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1954ൽ മണലൂർ മണ്ഡലത്തിൽനിന്ന് വിജയിച്ചു. ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ തൃശൂരിൽ സ്വതന്ത്രനായ ഡോ. എ.ആർ. മേനോനോട് പരാജയമറിഞ്ഞു. 1996ൽ തൃശൂരിൽ സി.പി.ഐയിലെ വി.വി. രാഘവനോട് തോറ്റതാണ് കരുണാകരെൻറ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോൽവി. ലീഡറുടെ സ്വതസിദ്ധമായ ചിരിയോടെയുള്ള ഛായാചിത്രവും അക്കാലത്തെ മിനിറ്റ്സും അന്ന് ലീഡറും മറ്റ് കൗൺസിലർമാരും ഇരുന്ന സെറ്റിയുമടക്കമുള്ളവ കോർപറേഷനിൽ ഇപ്പോഴുമുണ്ട്.
വി.വി. രാഘവൻ 1970ന് മുമ്പാണ് നഗരസഭ കൗൺസിലറായത്. മൂന്ന് തവണ ശങ്കരയ്യ റോഡുൾപ്പെടുന്ന ഡിവിഷനെ പ്രതിനിധാനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി തോട്ടികൾക്ക് യൂനിയനുണ്ടായത് തൃശൂരിൽ നിന്നായിരുന്നു. അത് സംഘടിപ്പിച്ചത് വി.വി. രാഘവനായിരുന്നു. കൗൺസിൽ നടക്കുമ്പോൾ പുറത്ത് തൊഴിലാളികളുണ്ടാവും.
കാര്യങ്ങൾ നടക്കാൻ വി.വി. ഉപയോഗിച്ചിരുന്ന തന്ത്രം തൊഴിലാളികൾ അകത്തേക്ക് കടക്കാൻ ഇടയാക്കേണ്ടെന്ന ഭീഷണിയായിരുന്നു. ഫയലിൽനിന്ന് വയലിലേക്കെന്ന പരിഷ്കാര മുദ്രാവാക്യം രാഘവൻ കൃഷിമന്ത്രിയായിരിക്കുമ്പോഴാണ് നടപ്പാക്കിയത്. കേരളത്തിെൻറ കാർഷിക മേഖലയിൽ വലിയ മുന്നേറ്റവും അദ്ദേഹത്തിെൻറ കാലത്തുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.