മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മറ്റും ഭക്ഷണത്തിന് സൗകര്യമില്ല. ജീവനക്കാരന് കോവിഡ് പോസിറ്റിവ് ആയതോടെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു. ചൂടുവെള്ളം മുതൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണംവരെ ലഭിക്കാൻ മറ്റ് സൗകര്യം ആശുപത്രി കാമ്പസിലില്ല. രണ്ടു ദിവസമായി രോഗികളും കൂട്ടിരിപ്പുകാരും കടുത്ത പ്രയാസംനേരിടുകയാണ്. ഈ സാഹചര്യത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കാൻറീൻ തുറന്ന് പ്രവർത്തിപ്പിക്കാൻ അടിയന്തരനടപടി വേണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
കാൻറീൻ ഒന്നരവർഷമായി അടഞ്ഞുകിടക്കുകയാണ്. ടെൻഡർ നടപടി പൂർത്തിയാക്കി മാസങ്ങളായിട്ടും തുറക്കാൻ നടപടിയായിട്ടില്ല. കാൻറീൻ പ്രവർത്തിപ്പിക്കാൻ ആശുപത്രി വികസനസമിതി ചെയർമാൻകൂടിയായ കലക്ടർ നടപടിയെടുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കാൻറീൻ തുറക്കാത്തത് രോഗികൾക്ക് മാത്രമല്ല, ആശുപത്രിയുടെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്. കോവിഡ് കാലത്ത് രാപ്പകൽ ജോലിചെയ്യുന്ന ആശുപത്രി വികസനസമിതി ജീവനക്കാരുടെ നിലനിൽപിനും ഇത് ഭീഷണിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
കാൻറീൻ തുറക്കാത്തതിനെതിരെ നടത്തിയ പ്രതിഷേധപരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് കെ.എസ്. മധു അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി. ബിബിൻ, ടി.എ. അൻസാർ, എം.എ. മുഹമ്മദ് നിഷാർ, എം.ജി. രഘുനാഥ്, കെ.ടി. വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.