തൃശൂർ: തേക്കിൻകാട് മൈതാനം വ്യാഴാഴ്ച രാവിലെ മുതൽ കരിവീരന്മാരുടെ പിടിയിലമരും; ആനച്ചന്തം കാണാനെത്തുന്ന പുരുഷാരത്തിന്റെയും. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന കൊമ്പൻമാരെ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങാൻ രാവിലെ മുതൽ തേക്കിൻകാട്ടിൽ അണിനിരത്തും.
പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ 15 ആനകളെ വീതമാണ് എഴുന്നള്ളിക്കുന്നത്. എട്ട് ഘടക പൂരങ്ങൾക്കും ആന എഴുന്നള്ളിപ്പുണ്ട്. പൂരം നാളായ വെള്ളിയാഴ്ച നഗരത്തിലും നഗരത്തിലേക്കുള്ള വഴികളിലുമായി നൂറോളം ആനകളുണ്ടാവും.
ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഫ്രാൻസിസ്, ഡോ. എ.വി. ഷിബു, ഡോ. ജിജേന്ദ്രകുമാർ, ഡോ. പി.ബി. ഗിരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. തിരുവമ്പാടി വിഭാഗം 48 ആനകളുടെയും പാറമേക്കാവ് 50 ആനകളുടെയും പട്ടികയാണ് വനംവകുപ്പിന് കൈമാറിയത്.
തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുമ്പാടി കണ്ണൻ, കുട്ടൻകുളങ്ങര അർജുനൻ, ശങ്കരംകുളങ്ങര ഉദയൻ, ഗുരുവായൂർ സിദ്ധാർഥൻ, പുതുപ്പുള്ളി സാധു, പാമ്പാടി സുന്ദരൻ, മച്ചാട് ഗോപാലൻ, പാറന്നൂർ നന്ദൻ, കൂടൽമാണിക്യം മേഘാർജുനൻ തുടങ്ങിയ കൊമ്പന്മാർ തിരുവമ്പാടിയുടെ പട്ടികയിലുണ്ട്.
പാറമേക്കാവ് വിഭാഗത്തിന്റെ പട്ടികയിൽ പാറമേക്കാവ് കാശിനാഥൻ, ഗുരുവായൂർ നന്ദൻ, എറണാകുളം ശിവകുമാർ, പല്ലാട്ട് ബ്രഹ്മദത്തൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, മച്ചാട് ജയറാം, ചെത്തല്ലൂർ ദേവീദാസൻ, വടക്കുംനാഥൻ ഗണപതി, ഗുരുവായൂർ ദേവദാസ്, പുതുപ്പുള്ളി അർജുൻ എന്നീ ആനകളുണ്ട്.
തിരുവമ്പാടി വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരനും കുട്ടൻകുളങ്ങര അർജുനനും പാറമേക്കാവ് വിഭാഗത്തിന് പാറമേക്കാവ് കാശിനാഥനും ഗുരുവായൂർ നന്ദനും ദേവസ്വം ശിവകുമാറുമാണ് തിടമ്പേറ്റുക. വ്യാഴാഴ്ച രാവിലെ നെയ്തലക്കാവിലമ്മയുടെ പൂര വിളംബരത്തിന് തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാറാണ്.
പൊലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിൽ സ്ക്വാഡുകൾക്ക് രൂപം നൽകിയിട്ടുണ്ട്. വനം വകുപ്പിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ് കുമാറാണ്.
ഇലഞ്ഞിത്തറപ്പെരുക്കത്തിന് മുമ്പ് ഇന്ന് കിഴക്കൂട്ടിന്റെ വിളംബരപ്പൂരം
തൃശൂർ: പൂരം നാളിൽ ഇലഞ്ഞിത്തറയിൽ കൊട്ടിത്തിമർക്കും മുമ്പ് വ്യാഴാഴ്ച കിഴക്കൂട്ട് അനിയൻ മാരാർ ആസ്വാദകർക്കായി പൂര വിളംബരം തിമിർക്കും. രാവിലെ എട്ടോടെ നെയ്തലക്കാവിലമ്മ ദേവസ്വം ശിവകുമാറിന്റെ ശിരസ്സിലേറി വലന്തല കൊട്ടി മണികണ്ഠനാലിൽ എത്തുമ്പോഴാണ് കിഴക്കൂട്ടിന്റെ നേതൃത്വത്തിൽ മേളം ആരംഭിക്കുക. ശ്രീമൂലസ്ഥാനം വരെ രണ്ട് മണിക്കൂറോളം കിഴക്കൂട്ടും കൂട്ടരും പാണ്ടി കൊട്ടും.
ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ചാൽ നെയ്തലക്കാവിലമ്മ വടക്കുന്നാഥനെ വണങ്ങി പ്രദക്ഷിണം ചെയ്ത് തെക്കേ ഗോപുര വാതിലിൽ എത്തും. ഈസമയം ആചാരപരമായി ശംഖ് വിളി മുഴങ്ങും. തുറന്നിടുന്ന തെക്കേഗോപുര നടയിലൂടെ എറണാകുളം ശിവകുമാർ ഭഗവതിയുമായി പുറത്തേക്കിറങ്ങും.
വർഷത്തിൽ രണ്ട് തവണ മാത്രം തുറക്കുന്ന തെക്കേഗോപുരത്തിന് പുറത്ത് ഈ കാഴ്ച കാണാൻ ആയിരങ്ങൾ ആർപ്പുവിളിച്ച് കാത്തുനിൽക്കാറുണ്ട്. കണിമംഗലം ശാസ്താവ് ഈ വഴിയിലൂടെയാണ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുന്നത്. പടിഞ്ഞാറെ നട വഴി ശാസ്താവ് പുറത്ത് കടക്കുന്നതോടെ തൃശൂർ പൂരത്തിലേക്കമരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.