തൃശൂർ: വ്യാഴാഴ്ച ഉച്ചയോടെ അണിഞ്ഞൊരുങ്ങി അതീവ സുന്ദരിയായി എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേ ഗോപുരനട മലർക്കെ തുറന്നിട്ടു. തൃശിവപേരൂരിന്റെ ഞരമ്പുകളിൽ പൂരാവേശം. 40 ഡിഗ്രിയാണ് തൃശൂർ നഗരത്തിലെ വെള്ളിയാഴ്ച ചൂട്. തലക്കുമീതെ സൂര്യൻ കത്തി നിന്നു. നീണ്ടുനിവർന്നൊരു പുരുഷാരം വിയർത്തൊലിച്ച് മുകളിലേക്ക് നോക്കി സൂര്യനെ നോക്കി പുഞ്ചിരിച്ചു. പോരേ പൂരം!.
വെള്ളിയാഴ്ച രാവിലെ ആറ് മുതൽ ചെറുപൂരങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിലേക്കെത്തിത്തുടങ്ങി. പാറമേക്കാവ് ഭ ഗവതി, തിരുവമ്പാടി ഭഗവതി, ചെമ്പൂക്കാവ് കാർത്യായനി ഭഗവതി, കാരമുക്ക് ഭഗവതി, ലാലൂർ കാർത്യായനി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ കാർത്യായനി ഭഗവതി, കുറ്റൂർ നെയ്തലക്കാവിലമ്മ ഭഗവതി എന്നീ ദേവിമാരുടെ കൂടി ഉത്സവമാണ് തൃശൂർ പൂരം. അവർ സകല പ്രൗഢിയോടെയും അണിഞ്ഞൊരുങ്ങി ആനപ്പുറത്തേറി വടക്കുംനാഥനെ കണ്ട് വണങ്ങാനെത്തി. ഈ ദേവിമാർക്കൊപ്പം കണിമംഗലം ശാസ്താവും പനമുക്കുംപള്ളി ശാസ്താവും കൂടി എത്തുന്നതോടെ പൂരപ്പറമ്പ് തിളച്ചുമറിയും. പിന്നെന്ത് വേനൽച്ചൂട്.
പരസ്പരം ആരോഗ്യപരമായ മത്സരാരവങ്ങളോടെയാണ് ഘടക പൂരങ്ങളുടെ വരവ്. ഘടക പൂരങ്ങളിൽ പ്രധാനികളായ പാറമേക്കാവ്, തിരുവമ്പാടി ദേവിമാരാണ് ഏറ്റവും മത്സരിച്ച് അണിഞ്ഞെത്തുന്നത്. അത് ഇക്കുറിയും തെറ്റിച്ചില്ല. കത്തുന്ന വെയിലിനെയും എണ്ണിയെടുക്കാനാവാത്തത്ര പുരുഷാരത്തെയും സാക്ഷിനിർത്തി എട്ട് ദേവിമാരും രണ്ട് ശാസ്താക്കളും വെള്ളിയാഴ്ച വടക്കുംനാഥന്റെ സന്നിധിയിലെത്തി വണങ്ങി. രാവിലെ 11.30ഓടെ മഠത്തിൽനിന്ന് പഞ്ചവാദ്യസംഘം പുറത്തേക്ക് ഭഗവതിയെ എഴുന്നള്ളിച്ചു. വഴിനീളെ തിങ്ങിനിറഞ്ഞ് ആൾക്കൂട്ടം. പാറമേക്കാവിന് മുന്നിലും സ്ഥിതി മറിച്ചായിരുന്നില്ല. അക്ഷരാർഥത്തിൽ തൃശൂർ നഗരം താളത്തിന്റെയും വർണങ്ങളുടെയും കാഴ്ചകളുടെയും പൂരപ്പറമ്പായ ദിനം.
പൂര ആരാധകരുടെയും ആന പ്രേമികളുടെയും എക്കാലത്തെയും ആരാധനാ പാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ പതിവിൽ കവിഞ്ഞ തിരക്കായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് നെയ്തലക്കാവിലമ്മയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥന് മുന്നിലെത്തി. പതിനായിരങ്ങളാണ് രാമനെ കാണാൻ എത്തിയത്. ഇലഞ്ഞിത്തറമേളവും കഴിഞ്ഞ് കുടമാറ്റത്തിലേക്കടുത്തപ്പോൾ ജനത്തിരക്ക് ഇരട്ടിയായി. തെക്കേ ഗോപുര നട തുറന്ന് തിരുവമ്പാടിയുടെ 15 ഗജവീരൻമാരും നടക്ക് അഭിമുഖമായി പാറമേക്കാവിന്റെ 15 കരിവീരൻമാരും അണിനിരന്നപ്പോൾ ആവേശം അത്യുച്ചത്തിലായി. എല്ലാത്തിനുമൊടുവിൽ പുലർച്ചെ മൂന്നിന് തേക്കിൻകാടിന് തീപിടിച്ചതുപോലെയുള്ള വെടിക്കെട്ട്. ഇന്നിനി പകൽപൂരത്തിനും ഉപചാരം ചൊല്ലിപ്പിരിയലിനും ഉച്ചക്ക് 12നുള്ള പകൽ വെടിക്കെട്ടിനും ഒടുവിൽ ചരിത്രത്തിൽ ആഘോഷത്തിന്റെ ഒരേട് കൂടി തുന്നിച്ചേർത്ത് തൃശൂർ പൂരത്തിന് സമാപനമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.