തൃശൂര്‍: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിന് ദേവസ്വം ബോര്‍ഡിനെതിരായ പ്രമേയം കോർപറേഷൻ കൗൺസിലിലും തർക്കങ്ങളുടെ പൂരം തീർത്തു. കോണ്‍ഗ്രസും ബി.ജെ.പിയും വോട്ടിങ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. ആവശ്യം നിരസിച്ച മേയര്‍ എം.കെ. വര്‍ഗീസ് ചെയര്‍ വിട്ടിറങ്ങിയത് തടഞ്ഞതോടെ കുറച്ചുനേരം വന്‍ ബഹളമായി. കൗണ്‍സില്‍ ഹാളിന്റെ വടക്കുഭാഗത്തെ വാതില്‍ വഴി പുറത്തുകടക്കാനെത്തിയ മേയറെ വോട്ടിങ് വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാജന് പല്ലന്, ജയപ്രകാശ് പൂവത്തിങ്കല്‍, ലാലി ജെയിംസ് എന്നിവരാണ് തടഞ്ഞത്. ഇതിനിടെ തെക്കുഭാഗത്തെ വാതില്‍ വഴി അതിവേഗം മേയര്‍ ഇറങ്ങിയോടി. പരിസരത്തുണ്ടായിരുന്ന കൗണ്‍സില്‍ സൂപ്രണ്ട് സുര്ജിതിനെയും തള്ളിമാറ്റി.
ഇദ്ദേഹം തട്ടിത്തടഞ്ഞുവീണു. തൃശൂര്‍ പൂരം എക്സിബിഷന് നടത്താനാവശ്യമായ സാഹചര്യം കൊച്ചിൻ ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാജന് പല്ലൻ പ്രമേയം അവതരിപ്പിച്ചു. ബി.ജെ.പിയും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ ഭരണപക്ഷം ന്യൂനപക്ഷമായി. 55 അംഗ കൗണ്‍സിലില്‍ പ്രതിപക്ഷത്തിന് 30 പേരുടെ പിന്തുണയുണ്ട്. എക്സിബിഷന് നടത്തുന്ന സ്ഥലത്തിന്റെ തറവില കൊച്ചിൻ ദേവസ്വം ബോര്‍ഡ് അമിതമായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം.
പൂരം പ്രദര്‍ശനം വേണ്ടിവന്നാല്‍ നടത്താന്‍ കോര്പറേഷന് തയാറാണെന്ന് മേയര്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷം ബഹളംവച്ചു. തൃശൂർ പൗരാവലിയുടെ നേതൃത്വത്തില്‍ പ്രദര്‍ശനം നടത്താനുള്ള സംവിധാനം നമുക്കുണ്ടെന്നായിരുന്നു മേയറുടെ പ്രഖ്യാപനം. പ്രതിപക്ഷ നേതാവിന്റെ പ്രമേയം അപ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി. പ്രമേയത്തില്‍ വോട്ടിങ് വേണമെന്ന് ആവര്‍ത്തിച്ചതോടെ മേയര്‍ കസേരയില്‍നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുകയായിരുന്നു. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ പൂരം പ്രദര്‍ശനം നടത്താന്‍ വഴിയൊരുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മേയറുടെ ചേംബറിനു മുന്നില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി. 46 അജന്‍ഡകളില്‍ ഒന്നും ചര്‍ച്ചക്കെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.