തൃശൂർ: എ വൺ പദവിയുള്ള തൃശൂർ റെയിൽവേ സ്റ്റേഷൻ നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ അടക്കം ഇവ നിറഞ്ഞുനിൽക്കുകയാണ്. വിവിധ ഇരിപ്പിടങ്ങൾക്ക് അടിയിൽ വരെ ഇവയെ കാണാം. മഴയെത്തിയാൽ കാര്യം പറയുകയും വേണ്ട. മഴ തോരുന്നതുവരെ കൂട്ടത്തോടെ ഇവ സ്റ്റേഷനിൽ തന്നെ ആയിരിക്കും. കഴിഞ്ഞദിവസം രാവിലെ പ്രധാന വിശ്രമ കേന്ദ്രത്തിനു മുന്നിൽ രണ്ടു നായ്ക്കൾ സുഖനിദ്രയിലായിരുന്നു. കവാടത്തിൽനിന്ന് വരുന്നവർക്കും പ്ലാറ്റ്ഫോമിലൂടെ പോകുന്നവർക്കുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിച്ചാണ് ഇവ കിടന്നുറങ്ങിയത്. അശ്രദ്ധയോടെ പോകുന്നവർ അറിയാതെ ചവിട്ടി പോകുന്ന സാഹചര്യമാണ് ഉണ്ടായത്. രാവിലെ വിവിധ ട്രെയിനുകൾ എത്തുന്ന സമയം ഏറെ ധിറുതിയിൽ പോകുന്നവർക്ക് അപകടകരമായ രീതിയിലാണ് ഇവ കിടന്നിരുന്നത്. എന്നാൽ, നായ്ക്കളെ ഓടിച്ചുവിടുന്നതിന് ഒരു ജീവനക്കാരനും എത്തിയതുമില്ല.
ഇടക്കിടെ ഇവ സംഘം ചേർന്ന് കടിപിടി കൂടുകയും ചെയ്യാറുണ്ട്. റെയിൽവേ സ്റ്റേഷനിലെ മാലിന്യ സംസ്കരണത്തിലെ പോരായ്മയാണ് നായ്ക്കളെ അങ്ങോട്ട് ആകർഷിക്കാൻ കാരണം. കൃത്യമായ രീതിയിൽ മാലിന്യം ശേഖരിച്ച് സംസ്കരിച്ചാൽ നായ്ക്കൾ ഇല്ലാതാവുന്നതേയുള്ളൂ.
ചെറു ഭോജനശാലകൾ അടക്കം വിവിധ കച്ചവട സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യ ശേഖരണ സംവിധാനങ്ങൾ ശാസ്ത്രീയമായി വിന്യസിച്ചിട്ടില്ല. പ്രതിദിനം ശേഖരിക്കുന്ന മാലിന്യങ്ങൾ കൊണ്ടുപോയി സംസ്കരിക്കുന്ന പതിവുമില്ല. മാത്രമല്ല, വിവിധ ഭാഗങ്ങളിൽ റെയിൽവേ അധികൃതർ സ്ഥാപിച്ചിട്ടുള്ള അടച്ചുറപ്പില്ലാത്ത മാലിന്യത്തൊട്ടികൾ അവയെ അങ്ങോട്ട് ആകർഷിക്കുന്ന ഘടകവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.