തൃശൂർ: എ വൺ റെയിൽവേ സ്റ്റേഷനായ തൃശൂരിന്റെ മുഖഛായ മാറ്റുന്ന 411കോടിയുടെ പദ്ധതി രേഖക്ക് അംഗീകാരം. രാജ്യാന്തര നിലവാരത്തിൽ നിരവധി സൗകര്യങ്ങളാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കുന്ന മുറക്ക് നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി 2024ൽ നിർമാണം ആരംഭിക്കും. നിലവിലുള്ള പാർക്കിങ് സൗകര്യത്തിന് പുറമേ 300ലധികം കാറുകൾക്കുള്ള മൾട്ടി ലെവൽ പാർക്കിങ്, മുൻകൂർ റിസർവേഷനടക്കം എല്ലാവിധ ടിക്കറ്റുകൾക്കുമായി 11 ടിക്കറ്റ് കൗണ്ടറുകൾ, കാൽ നടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും വാഹനങ്ങൾക്കുമായി പ്രത്യേകം പാതകൾ, ജീവനക്കാർക്കായി അപ്പാർട്ടുമെന്റ് കോംപ്ലക്സ്, ട്രാൻസ്പോർട്ട് സ്റ്റാൻഡിന്റെ പടിഞ്ഞാറ് കവാടത്തിന് അഭിമുഖമായി പ്രവേശനകവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ബജറ്റ് ഹോട്ടൽ, വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് പ്രത്യേകതകൾ.
കേരളീയ വാസ്തുശിൽപ സൗന്ദര്യസങ്കൽപ്പത്തെ ആസ്പദമാക്കിയാണ് കെട്ടിടത്തിന്റെ രൂപകൽപന. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസനം സംബന്ധിച്ച ടി.എൻ. പ്രതാപൻ എം.പി മുൻകൈയെടുത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിലാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഈ റിപ്പോർട്ടുകൾ എം.പിക്ക് കൈമാറിയത്. യോഗത്തിൽ എം.പി അധ്യക്ഷത വഹിച്ചു. 5.11 കോടി രൂപ ചെലവിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനുള്ള കരാർ നടപടികൾ പൂർത്തിയായി.
രണ്ട് കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ ലിഫ്റ്റുകൾ, മേൽക്കൂരകൾ പ്ലാറ്റ്ഫോം ഉയർത്തൽ മുതലായ പദ്ധതികളുടെ ഉദ്ഘാടനത്തിനും അമൃത് സ്റ്റേഷൻ പദ്ധതിയുടെ നിർമാണ ഉദ്ഘാടനത്തിനും കേന്ദ്ര റെയിൽവേ മന്ത്രിയെ ക്ഷണിക്കാൻ തീരുമാനിച്ചു. റെയിൽവേ സ്റ്റേഷനിൽ നടന്ന പാർലമെന്റ് മണ്ഡലത്തിലെ അവലോകന യോഗത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ്.എം. ശർമ, നിർമാണ വിഭാഗം ചീഫ് എൻജിനീയർ രാജഗോപാലൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാബിൻ ആസിഫ്, റോബിൻ രാജ്, സീനിയർ ഡിവിഷൻ കമേഴ്സ്യൽ മാനേജർ ആർ. ഹരികൃഷ്ണൻ, സീനിയർ ഡിവിഷനൽ ഓപറേഷൻ മാനേജർ എ. ബിജുവിൻ, സീനിയർ ഡിവിഷനൽ എൻജിനീയർ ആർ. അരുൺ, സീനിയർ ഡിവിഷനൽ എൻജിനീയർ (നോർത്ത്) നരസിംഹ ആചാരി, സ്റ്റേഷൻ മാനേജർ എ.എം. ജോർജ്, തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ, ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം എം. ഗിരീശൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ മീനാംബാൾ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ്. കുമാർ എന്നിവരും പങ്കെടുത്തു.
ഗുരുവായൂർ - മധുരൈ എക്സ്പ്രസിൽ കോച്ച് വർധിപ്പിക്കും
തൃശൂർ: തൃശൂർ - ഗുരുവായൂർ റൂട്ടിൽ മെമു സർവിസ് എത്രയും വേഗം ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് അറിയിച്ചു. മെമു സർവിസിനാവശ്യമായ റേക്ക് ലഭ്യമായാൽ ഉടൻ സർവിസ് നടത്തും. അമൃത് സ്റ്റേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, പൂങ്കുന്നം എന്നീ സ്റ്റേഷനുകൾ ഉൾപ്പെടുത്തി. ഗുരുവായൂർ-മധുര എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിക്കുന്നതിനുള്ള സുരക്ഷ പരിശോധന ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കി സുരക്ഷ കമീഷണറുടെ അനുമതി ലഭിക്കുന്ന മുറക്ക് 18 കോച്ചുകൾ ഏർപ്പെടുത്തും.
കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡിന് ശിപാർശ നൽകുമെന്ന് ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയ പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന് ഉടൻ അനുമതി നൽകും. പ്രഥമഘട്ടത്തിൽ 41.6 കോടി രൂപയാണ് പുതുക്കാട് മേൽപ്പാലത്തിന് നീക്കിവെച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് റെയിൽവേ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന് മുഴുവൻ സമയം പ്രവർത്തിക്കുന്ന ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കമേഴ്സ്യൽ) എന്ന തസ്തിക സൃഷ്ടിച്ച് 24 മണിക്കൂർ സേവനം ഉറപ്പ് വരുത്തുന്നതിന് ജീവനക്കാരെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.