തൃശൂർ: സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാതെ ജില്ലയിൽ 66,575 പേർ. വിരലടയാളം ചേരാതെ വരുകയോ മസ്റ്ററിങ്ങിന് എത്താൻ കഴിയാതിരിക്കുകയോ ചെയ്തവരാണ് ഇതിലേറെയും. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് കിടപ്പുരോഗികൾക്കും മറ്റും വീട്ടിലെത്തി മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയിരുന്നു. ഇതിനുശേഷവും അരലക്ഷത്തിലേറെ പേർ മസ്റ്ററിങ് നടത്താനുണ്ട്.
ആഗസ്റ്റ് 31വരെ സർക്കാർ സമയം നൽകിയിട്ടുണ്ട്. നേരത്തേ ജൂലൈ 31ന് അവസാനിച്ച സമയപരിധി പിന്നീട് ഈമാസം 31വരെ നീട്ടുകയായിരുന്നു. ഇതിനുശേഷവും പൂർത്തിയാക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളെ സമീപിച്ച് ബയോമെട്രിക് പരിശോധന പൂർത്തിയാക്കാം. അതിനുശേഷമുള്ള പെൻഷനേ അർഹതയുണ്ടാകൂവെന്ന് മാത്രം. കോർപറേഷനും മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉള്ളതിൽ 11 സ്ഥാപനങ്ങളിൽ ആയിരത്തിലേറെ പേർ പുനഃപരിശോധന പൂർത്തിയാക്കാനുണ്ട്.
തൃശൂർ കോർപറേഷൻ പരിധിയിൽ ഇത് 6724പേരാണ്. അഞ്ച് വിഭാഗങ്ങളിലായി 1600രൂപയാണ് ക്ഷേമപെൻഷൻ ലഭിക്കുന്നത്. 517026 പേരാണ് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി ക്ഷേമപെൻഷന് അർഹതയുള്ളവർ. അക്ഷയ സംരംഭകരുടെ സമരവും അവധി ദിനങ്ങളും ഒഴിച്ചാൽ ഇനി കുറച്ച് ദിവസം മാത്രമേ മസ്റ്ററിങ്ങിനായി ശേഷിക്കുന്നുള്ളൂ.
മസ്റ്ററിങ്ങിനായി ഇപ്പോഴും തിരക്കുണ്ട്. വിദേശത്തായിരുന്നവരും മക്കളുടെ വീടുകളിലായിരുന്നവരുമൊക്കെയാണ് ഇപ്പോൾ എത്തുന്നത്. വീടുകളിലെത്തി മസ്റ്ററിങ് അതത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്നതിന് 50 രൂപയാണ് ലഭിക്കുന്നത്. നടപടി പൂർത്തിയാക്കാൻ ഏറെ നേരം വേണ്ടിവരും. വേതന പരിഷ്കരണമൊന്നും നടന്നിട്ടുമില്ല. ഈ മാസം 31വരെ മസ്റ്ററിങ് നീട്ടിയിട്ടുണ്ട്. അതിനുള്ളിൽ പരമാവധി പേരെത്തുമെന്നാണ് പ്രതീക്ഷ.
(എ.ഡി. ജയൻ -അക്ഷയ സംരംഭകൻ, അസോസിയേഷൻ ഓഫ്ഐ .ടി എംപ്ലോയീസ് ജന. സെക്ര.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.