കാഞ്ഞാണി സെന്ററിൽ ഞായറാഴ്ച വൈകീട്ടുണ്ടായ ഗതാഗതക്കുരുക്ക്

കാഞ്ഞാണിക്ക് ശ്വാസം മുട്ടുന്നു

കാഞ്ഞാണി: തൃശൂർ -വാടാനപ്പള്ളി സംസ്ഥാന പാതയിലെ കാഞ്ഞാണി സെന്ററിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിൽ. ഗുരുവായൂർ, പെരിങ്ങോട്ടുകര, തൃശൂർ, വാടാനപ്പള്ളി എന്നീ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എത്തിച്ചേരുന്ന ജങ്ഷനാണ് കാഞ്ഞാണി. തിരക്ക് വർധിച്ചിട്ടും ഒരു ഹോം ഗാർഡ് മാത്രമാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്.

തിരക്കേറിയ സമയങ്ങളിൽ ബ്ലോക്കിൽപ്പെടുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത്. ഞായറാഴ്ച രാവിലെ 11ഓടെ പെരുമ്പുഴ പാടം വരെ വൻ കുരുക്കാണ് ഉണ്ടായത്. സന്ധ്യക്കും മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

തിരക്കുള്ള സമയങ്ങളിൽ പൊലീസ് സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസുകാരെത്തി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം, കാഞ്ഞാണി സെന്‍റർ വികസനത്തിനായി മുരളി പെരുനെല്ലി എം.എൽ.എ രണ്ട് ബജറ്റുകളിലും ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും ഒന്നും നടന്നില്ല.

വികസനത്തിന്‍റെ ഭാഗമായി അന്ന് റോഡ് തിരിച്ച് കല്ലിട്ടെങ്കിലും മറ്റു പുരോഗതിയൊന്നുമുണ്ടായില്ല. വീതി കൂട്ടിയുള്ള സംസ്ഥാന പാത വികസനവും എങ്ങുമെത്തിയില്ല. തൃശൂർ മുതൽ വാടാനപ്പള്ളി വരെ 10 വർഷം മുമ്പ് കല്ലിട്ടെങ്കിലും റോഡ് വികസനം നടപ്പായില്ല.

മാറിവരുന്ന സർക്കാറുകൾ റോഡിനെ അവഗണിക്കുന്നതാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വാടാനപ്പള്ളി മുതൽ ആറാം കല്ല് വരെ റോഡ് വീതി കുറവായതാണ് ഗതാഗത കുരുക്കിന് കാരണം.

Tags:    
News Summary - traffic jam in kanjani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.