അന്തിക്കാട്: അയൽവീട്ടുകാർ തമ്മിലുള്ള വഴക്ക് തീർക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. അരിമ്പൂരിൽ വാടകക്ക് താമസിക്കുന്ന തൃശൂർ വിലങ്ങന്നൂർ സ്വദേശി കുന്നത്തു വീട്ടിൽ സാഗർ (33), വെളുത്തൂർ തച്ചംമ്പിള്ളി കോളനിയിൽ ചെറുപറമ്പിൽ സനിൽ (28) എന്നിവരെയാണ് റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, എസ്.ഐ കെ.എച്ച്. റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി സാഗർ ഇയാൾ താമസിക്കുന്ന അരിമ്പൂരിലെ ഫ്ലാറ്റിൽ മദ്യപിച്ചെത്തി സമീപ ഫ്ലാറ്റിലുള്ള സ്ത്രീകളെ അസഭ്യം പറഞ്ഞ് ബഹളം വെച്ചിരുന്നു. ഇത് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. എന്നാൽ, ഇയാൾ പൊലീസ് വാഹനത്തിൽ അടിച്ച് ബഹളമുണ്ടാക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്കു നേരേ തിരിഞ്ഞ് അസഭ്യം പറയുകയും ചെയ്തു. ഇയാളെ പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് ഇയാൾ വീടിനകത്ത് ഓടിക്കയറി വാതിലടച്ചു. ഇതേ തുടർന്ന് എസ്.ഐ റെനീഷും സംഘവും പ്രതിയെ പിടികൂടാൻ എത്തി.
ഇതോടെ ഒന്നാം പ്രതിയുടെ ഭാര്യസഹോദരൻ കൂടിയായ സനിലും ബൈക്കിൽ ഇവിടെയെത്തി. ഇരുവരും ചേർന്ന് പൊലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. പ്രതികൾ വാതിൽ പാളികൾ ചേർത്തടച്ച് എസ്.ഐയുടെ കൈയിലെയും കാലിലെയും വിരലുകൾക്ക് പരിക്കേൽപിച്ചു. ഓടിരക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ചൊവ്വാഴ്ച പകൽ എത്തിയ പൊലീസ് വീണ്ടും തിരഞ്ഞെങ്കിലും പ്രതികളെ പിടികൂടാനായില്ല. രാത്രി വീണ്ടും എത്തിയ പൊലീസ് വെളുത്തൂർ ഷാപ്പിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് സാഗറിനെ പിടികൂടി. സനിലിനെ ബുധനാഴ്ച വെളുത്തൂർ ലക്ഷംവീട് കോളനിയിൽ നിന്നാണ് പിടികൂടിയത്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് അഷറഫ്, സീനിയൻ സി.പി.ഒമാരായ ഇ.എസ്. ജീവൻ, പി.വി. വികാസ്, അന്തിക്കാട് സ്റ്റേഷനിലെ എ.എസ്.ഐ അരുൺ കുമാർ, സീനിയർ സി.പി.ഒ ശ്രീജിത്ത്, സിജീഷ്, സുർജിത്, ആകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.