1. വറ്റിവരണ്ട അതിരപ്പിള്ളി വെള്ളച്ചാട്ടം. രണ്ട് പാറയിടുക്കിലൂടെ മാത്രമാണ് പേരിന് വെള്ളം ഒഴുകുന്നത്

ചാലക്കുടിപ്പുഴയിലും തീരത്തും വരൾച്ച

ചാലക്കുടി: ചാലക്കുടിപ്പുഴയിലും പുഴയോരത്തും ജലക്ഷാമം രൂക്ഷമാകുന്നു. ആഗസ്​റ്റിൽ കനത്ത മഴയെ തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ്​ നിറഞ്ഞൊഴുകിയ പുഴയിൽ പലയിടത്തും പാറക്കെട്ടുകൾ തെളിഞ്ഞു കിടക്കുകയാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടം മെലിഞ്ഞ് നേർത്ത അവസ്ഥയിലാണ്. രണ്ട് പാറയിടുക്കിലൂടെ മാത്രമാണ് പേരിന് വെള്ളം ഒഴുകുന്നത്. വാഴച്ചാൽ വെറും പാറക്കെട്ടുകളായി കിടക്കുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിൽ വൈദ്യുതോൽപ്പാദനം കുറച്ചു ദിവസങ്ങളായി ഇല്ലാത്തതിനാൽ അവിടെ നിന്ന് വെള്ളം വരുന്നില്ല.

ഡാമിലെയും ജലനിരപ്പ് കുറവാണ്. പെരിങ്ങൽക്കുത്തിൽ നിന്ന് വെള്ളം എത്തിയില്ലെങ്കിലും പുഴയോരത്തെ തോടുകളിൽ നിന്നെത്തുന്ന വെള്ളം പുഴയിലെ ജലനിരപ്പ് നിലനിർത്താറുണ്ട്​.എന്നാൽ, ചാലക്കുടിപ്പുഴയിൽ ഇരുവശത്തുമുള്ള തോടുകൾ വറ്റിയ അവസ്ഥയിലാണ്. മണ്ണിൽ വെള്ളം നിൽക്കുന്നില്ലെന്നാണ് പുഴയോരവാസികൾ പറയുന്നത്. 2018ലെ പ്രളയത്തിന് ശേഷം ഉണ്ടായ പ്രതിഭാസമാണെന്നാണ് ഇവർ പറയുന്നത്. മു​െമ്പല്ലാം മഴ നിലച്ചാലും കുറച്ചു മാസങ്ങളോളം പുഴയിൽ ജലനിരപ്പ് നിലനിൽക്കുമായിരുന്നു. എന്നാൽ പ്രളയത്തിന് ശേഷം മഴ നിലച്ചാൽ ഉടൻ പുഴയിൽ ജലനിരപ്പ് താഴുകയും പുഴയോരത്ത് വരൾച്ച ഉണ്ടാവുകയും ചെയ്യുന്നത് സമീപകാലത്തെ പ്രതിഭാസമാണ്.

പുഴയോരത്ത് വിവിധ മേഖലകളിൽ കിണറുകളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്​. പരിയാരത്തും മേലൂർ പൂലാനി പ്രദേശത്തും കിണറുകളിൽ വെള്ളം കുറഞ്ഞു. പ്രദേശത്തെ പല ഭാഗത്തും കിണറി​െൻറ അടിത്തട്ട് കാണാവുന്ന രീതിയിൽ വെള്ളം കുറഞ്ഞു. ചാലക്കുടിയിൽ കൂടപ്പുഴ തടയണയും പരിയാരത്ത്കൊമ്പൻപാറ തടയണയുമുണ്ടെങ്കിലും മേഖലയിലെ ജലക്ഷാമം രൂക്ഷമാവുകയാണ്.

മേലൂരിൽ കിണറുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് ഏക ആശ്രയം ചെട്ടിത്തോപ്പ് കടവ് ലിഫ്റ്റ് ഇറിഗേഷനാണ്. ലിഫ്റ്റ് ഇറിഗേഷ​െൻറ ജലസേചന പദ്ധതി പ്രകാരം പറമ്പുകളിലേക്ക് വെള്ളം എത്തിക്കുകയാണെങ്കിൽ കിണറുകളിൽ വെള്ളത്തി​െൻറ ലഭ്യത ഉറപ്പാക്കാൻ കഴിയും. അതിനാൽ ചെട്ടിത്തോപ്പ് ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനം ആരംഭിച്ച് ജലസേചനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതുപോലെ ലിഫ്റ്റ്‌ ഇറിഗേഷനുകൾ പ്രവർത്തിപ്പിക്കാനും ഇടതുകര, വലതുകര കനാലുകൾ തുറന്നു വിടാനും ആവശ്യം ഉയർന്നിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.