ചാവക്കാട്: കരുവന്നൂർ പദ്ധതി വന്നതോടെ ചാവക്കാട് നഗരസഭയുടെ പരിധിയിൽ കുടിവെള്ള ക്ഷാമമില്ലെങ്കിലും തൊട്ടടുത്ത ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ജനം ദുരിതത്തിലാണ്. ഉപ്പുവെള്ളമൊഴുകുന്ന കനോലി കനാൽ തീരത്തുള്ളവർക്കും മഞ്ഞ ഓരമണ്ണുള്ള കുട്ടാടൻ പാടത്തും ജലനിരപ്പിൽ നിന്ന് താരതമ്യേന ഉയർന്ന പ്രദേശത്തുള്ളവർക്കുമാണ് കുടിവെള്ള പ്രശ്നമുള്ളത്. ദേശീയപാത വികസനത്തിനിടെ പൈപ്പ് പൊട്ടിയതിനാൽ ഒരുമനയൂർ പഞ്ചായത്തിലെ നിരവധി സ്ഥലങ്ങളിൽ കുടിവെള്ള പ്രശ്നമുണ്ട്. പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നില്ലെന്ന ആക്ഷപം വ്യാപകമാണ്.
പഞ്ചായത്തിലെ തെക്കേയറ്റമായ ചേറ്റുവ പാലത്തിന്റെ വടക്കൻ മേഖലയാണ് രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. കനോലി കനാലും ചേറ്റുവ പുഴയും ഉപ്പുജലം നിറഞ്ഞതിനാൽ പൈപ്പ് വെള്ളമായിരുന്നു ഏക ആശ്വാസം. സന്നദ്ധ സംഘടനകൾ വെള്ളം വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് തികയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കടപ്പുറം പഞ്ചായത്തിൽ അഴിമുഖം, മുനക്കക്കടവ്, തൊട്ടാപ്പ്, കറുകമാട്, വട്ടേക്കാട് മേഖലകളിലാണ് ജലക്ഷാമമുള്ളത്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട കടപ്പുറം പഞ്ചായത്തിലെ ജലസ്രോതസ്സുകളിലേറെയും കുടിക്കാൻ പറ്റാത്തതാണ്. വിവിധ പദ്ധതികൾ പഞ്ചായത്ത് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും പ്രായോഗികമാകുന്നില്ല. വട്ടേക്കാട് മേഖലയിൽ പുഴയിൽനിന്ന് ഉപ്പുവെള്ളം കയറുന്നതാണ് ജല സ്രോതസ്സുകളിലും ഉപ്പുരസമുണ്ടാകാൻ കാരണം. കുടിവെള്ള വിതരണ പൈപ്പ് ലൈൻ സ്വകാര്യ വ്യക്തികൾ ചോർത്തുന്നുവെന്ന പരാതി ഇവിടെ വർഷങ്ങളായിട്ടുണ്ട്. അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷപവുമുണ്ട്.
പുന്നയൂർ പഞ്ചായത്തിൽ അവിയൂർ സ്കൂളിനു കിഴക്ക്, പനന്തറ കോളനി, വളയന്തോട്, എടക്കഴിയൂർ ചങ്ങാടം, എടക്കര, വെട്ടിപ്പുഴ, കുരഞ്ഞിയൂർ, പതേരിക്കടവ് മേഖലകളിലാണ് ജലക്ഷാമമുള്ളത്. പുന്നയൂർക്കുളം പഞ്ചായത്തിൽ എട്ടാം വാർഡ് ചമ്മന്നൂർ മേഖലയിലാണ് ജലക്ഷാമം രൂക്ഷം. മേഖലയിലെ ഉയർന്ന പ്രദേശമായ ഇവിടെ വർഷങ്ങളായി ജലക്ഷാമം നേരിടുന്നു. കുടിവെള്ള പദ്ധതികൾ പലതും പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും യാഥാർഥ്യമായില്ല. വേനൽ കനക്കുമ്പോൾ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. ശാശ്വത പരിഹാരം കണ്ടെത്തേണ്ട അധികൃതർ നിസ്സംഗതയിലാണെന്ന ആക്ഷേപമുണ്ട്. പൈപ്പ് വെള്ളം വിതരണം ആഴ്ചയിലൊരിക്കലാണ്. എല്ലാ പഞ്ചായത്തിലും ഇതുതന്നെ സ്ഥിതിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.