അതിരപ്പിള്ളി: തമിഴ്നാട്ടിൽനിന്ന് കേരള ഷോളയാറിലേക്ക് വെള്ളം എത്തിത്തുടങ്ങി. ഇതോടെ ഡാമിലെ ജലനിരപ്പ് 2633.3 അടിയായി ഉയർന്നു. 2663 ആണ് ഷോളയാറിലെ പരമാവധി ജലനിരപ്പ്. ഏതാനും ദിവസം മുമ്പാണ് കരാർ പ്രകാരമുള്ള വെള്ളം തമിഴ്നാട് അപ്പർ ഷോളയാറിൽനിന്ന് എത്തിത്തുടങ്ങിയത്. ജൂലൈയിൽ തുടങ്ങി സെപ്റ്റംബറിനകം ഡാം നിറക്കണമെന്നാണ് കരാർ. മുൻകാലങ്ങളിൽ പലപ്പോഴും ഇത് പാലിക്കപ്പെട്ടിരുന്നില്ല. ഡാമിൽ ഇപ്പോൾ 58 ശതമാനം വെള്ളമേയുള്ളൂ. പെരിങ്ങൽക്കുത്ത് റെഡ് അലർട്ടിലായതിനാൽ അവിടേക്ക് കൂടുതൽ വെള്ളം എത്തിച്ചേരാതിരിക്കാൻ കരുതലായി ഷോളയാറിലെ വൈദ്യുതോൽപാദനം നിർത്തിെവച്ചിരിക്കുകയാണ്.
ഷോളയാറിൽനിന്നും പറമ്പിക്കുളം ഭാഗത്ത് തൃണക്കടവിൽനിന്നും കാര്യമായ രീതിയിൽ പെരിങ്ങൽക്കുത്തിലേക്ക് വെള്ളം എത്താത്തതിനാൽ നിലവിൽ അനിയന്ത്രിത സാഹചര്യം ഇല്ല. ഡാമിെൻറ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. സ്ലൂയിസ് വാൽവ് വഴി ചാലക്കുടിപ്പുഴയിലേക്ക് വെള്ളം തുറന്നുവിടുന്നില്ല. എന്നാൽ, വെള്ളം ഉയരുന്നതനുസരിച്ച് മുകളിലത്തെ ഷട്ടറിലൂടെ ചെറിയ രീതിയിൽ പുഴയിലേക്ക് ഒഴുകിപ്പോകുന്നുണ്ട്. അതേസമയം, 24 മണിക്കൂറും വൈദ്യുതോൽപാദനം നടക്കുന്നതിനാൽ അതുവഴിയുള്ള വെള്ളം ചാലക്കുടിപ്പുഴയിൽ എത്തുന്നുണ്ട്. എങ്കിലും ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല.
തൂണക്കടവും പെരിങ്ങലിലെ സ്ലൂയിസ് വാൽവും തുറന്നപ്പോൾ കഴിഞ്ഞ ആഴ്ചയുടെ അവസാന ദിവസങ്ങളിൽ മൂന്ന് മീറ്ററിൽ പരം ജലനിരപ്പ് ഉയർന്നിരുന്നു. അധികജലം നിലച്ചതോടെ ജലനിരപ്പ് അര മീറ്ററോളം താഴ്ന്നു. ചാലക്കുടിപ്പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞുപോയ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.