ചെന്ത്രാപ്പിന്നി: റോഡാണോ അതോ തോടാണോ ഇത്..? എടത്തിരുത്തി പഞ്ചായത്ത് രണ്ടാം വാർഡിലെ അയ്യൻപടി-കുട്ടമംഗലം റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് വർഷങ്ങളായി ഈ സംശയമുണ്ട്. കുണ്ടുംകുഴിയും നിറഞ്ഞ് ചളിക്കുളമായ റോഡിൽ മഴ പെയ്തതോടെ യാത്ര ദുഷ്കക്കരമായി.
തകർന്ന റോഡിൽ കുടിവെള്ള പൈപ്പിനായി കുഴിയെടുത്തതോടെയാണ് യാത്ര ദുരിതമായത്. കുഴിച്ച ഭാഗത്ത് പുനർനിർമാണം പൂർത്തിയാക്കിയതുമില്ല. നിരവധി വാഹനങ്ങളാണ് ഒരു കിലോമീറ്ററോളം നീളമുള്ള ഈ റോഡിലൂടെ കടന്നു പോകുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്നതും ഈ റോഡിനെയാണ്.
മഴ പെയ്തതോടെ റോഡ് നിറയെ ആഴമുള്ള കുഴികളാണ്. ഇതിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ വീഴുന്നത് പതിവാണ്. അതേസമയം. റോഡ് ടാറിങിനായി പത്ത് ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടി പൂർത്തിയായെന്നും മഴക്കാലത്തിന് ശേഷം പ്രവൃത്തി പൂർത്തിയാക്കുമെന്നും വാർഡ് മെംബർ ദിൽഷ സുധീർ പറഞ്ഞു. കുടിവെള്ളത്തിനായി പൈപ്പിടുന്ന ജോലികൾ നീണ്ടു പോയതിനാലാണ് ടാറിങ് വൈകിയതെന്നും മെംബർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.