അതിരപ്പിള്ളി: അതിരപ്പിള്ളി റോഡിൽ കാട്ടാനയെ ഇടിച്ച് വിനോദ സഞ്ചാരികളുടെ കാർ തകർന്നു. കാർ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. വെറ്റിലപ്പാറക്കടുത്ത് ചിക്ളായി ഭാഗത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം. പുതിയ മാരുതി സ്വിഫ്റ്റ് കാറിൽ നാല് യുവാക്കളടങ്ങുന്ന സംഘം ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് പോകുകയായിരുന്നു.
ചിക്ളായി 11/2ൽ റോഡിൽ വളവുള്ള ഭാഗത്താണ് സംഭവം. രണ്ട് കാട്ടാനകളിൽ ഒന്ന് പുഴയുടെ ഭാഗത്തേക്ക് ആദ്യം റോഡു മുറിച്ചുകടന്നു.
അതിനെ പിന്തുടർന്ന് വന്ന രണ്ടാമത്തെ ആന പെട്ടെന്ന് റോഡു മുറിച്ചുകടന്നതാണ് അപകട കാരണമായത്. ഈ സമയം കനത്ത മഴ മൂലം റോഡിലെ കാഴ്ചകൾ അത്ര വ്യക്തവുമായിരുന്നില്ല. കാർ സാവധാനമാണ് സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നാലെ ബൈക്ക് യാത്രക്കാരുമുണ്ടായിരുന്നു. ആനയെ ഇടിച്ച് കാറിന്റെ ബോണറ്റും ഒരു വശത്തെ ഡോറും തകർന്നു.
കാറിലുള്ളവർ പരിഭ്രാന്തരായി നിലവിളിച്ചു. ഇതിനിടെ കാട്ടാന അപ്രത്യക്ഷമാവുകയും ചെയ്തു. പുഴയുടെ മറുകരയിൽ നിന്ന് വന്ന രണ്ട് ആനകൾ കുറച്ചു ദിവസമായി ഈ മേഖലയിലുള്ളതായി നാട്ടുകാർ പറഞ്ഞു. ഇവ കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ നാശങ്ങൾ വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.