തൃശൂർ: വാടകക്ക് വീടെടുത്ത് പലയിടത്തായി മാറിത്താമസിച്ച് എക്സൈസ് വകുപ്പിനെ കബളിപ്പിച്ച കേസിലെ പ്രതി ബൈക്കിൽ കടത്തിയ ആറുകിലോ കഞ്ചാവുമായി പിടിയിൽ. പൊങ്ങണംകാട് തിയ്യത്തുപറമ്പിൽ അനീഷിനെയാണ് (37) അറസ്റ്റ് ചെയ്തത്. എക്സൈസ് കമീഷണറുടെ മധ്യമേഖല സ്ക്വാഡ് അംഗം എം.കെ. കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തൃശൂര്‍ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സംസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ സാധ്യതയുണ്ടെന്ന് തൃശൂർ ഡെപ്യൂട്ടി കമീഷണർക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമീഷണർ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പഴയ കേസുകളിലെ പ്രതികളെ നിരീക്ഷിച്ചു.
ഇതിലാണ് അനീഷ് ആന്ധ്രയിൽനിന്ന് കഞ്ചാവ് കൊണ്ടുവരാൻ ശ്രമം നടത്തുന്നതായി അറിഞ്ഞത്. കഞ്ചാവ് വിതരണത്തിന് ബൈക്കിൽ പോകുമ്പോൾ പട്ടാളക്കുന്ന് ഭാഗത്തുവെച്ച് പിടികൂടുകയായിരുന്നു. രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിൽ തൃശൂർ എക്സൈസ് റേഞ്ച് ഓഫിസിലെ പ്രതിയാണ് അനീഷ്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കഞ്ചാവ് കടത്തിൽ സജീവമായ അനീഷ് മൂന്നുമാസം കൂടുമ്പോൾ വാടക വീട് മാറി കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ സുദർശന കുമാർ, അസി. ഇൻസ്പെക്ടർ ഗ്രേഡ് സോണി കെ. ദേവസി, ടി.ജി. മോഹനൻ, പ്രിവന്റീവ് ഓഫിസർമാരായ എം.എം. മനോജ് കുമാർ, എം.കെ. കൃഷ്ണപ്രസാദ്, എം.എസ്. സുധീർകുമാർ, പി.ബി. സിജോമോൻ, വിശാൽ, കണ്ണൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.