ആരോഗ്യകരമായ പരിസ്ഥിതി കുട്ടികളുടെ അവകാശം -ഗവർണർ

*പരിസ്ഥിതി സംരക്ഷണത്തിന്‍റെ മുന്നണിപ്പോരാളികളാകാൻ പുതുതലമുറക്ക്​ കഴിയണമെന്ന് മുഖ്യമന്ത്രി *നിയമസഭയിൽ 'നാമ്പ്' കാലാവസ്ഥ അസംബ്ലി തിരുവനന്തപുരം: ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവുമുണ്ടാകേണ്ടത് ഓരോ കുട്ടിയുടെയും അവകാശമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്‍ററി സ്റ്റഡി സെന്‍റർ (കെ-ലാംപ്‌സ്) വിഭാഗവും യൂനിസെഫും സംയുക്തമായി സംഘടിപ്പിച്ച 'നാമ്പ്' കാലാവസ്ഥ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തന്‍റെ മുന്നണിപ്പോരാളികളാകാൻ പുതുതലമുറയിലെ കുട്ടികൾക്ക്​ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമാണ്. ഇതു മറികടക്കാൻ ശാസ്ത്രീയമായ പ്രകൃതിസംരക്ഷണ രീതികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്പീക്കർ എം.ബി. രാജേഷ്, റവന്യൂ മന്ത്രി കെ. രാജൻ, യുനിസെഫ് ഇന്ത്യ സോഷ്യൽ പോളിസി ചീഫ് ഹ്യുൻ ഹീ ബാൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഫയർഫോഴ്സ് മേധാവി ഡോ.ബി. സന്ധ്യ, നിയമസഭ സെക്രട്ടറി-ഇൻ ചാർജ് കവിത ഉണ്ണിത്താൻ എന്നിവർ സംബന്ധിച്ചു. എല്ലാ ജില്ലകളെയും പ്രതിനിധാനംചെയ്ത്​ വിദ്യാർഥികളും യുവാക്കളും അസംബ്ലിയിൽ പങ്കെടുത്തു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിച്ചു. നിയമസഭ പരിസ്ഥിതി സമിതി അധ്യക്ഷൻ ഇ.കെ. വിജയൻ എം.എൽ.എ, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയ മുൻ സെക്രട്ടറി ഡോ. എം. രാജീവൻ, ദുരന്തനിവാരണ കമീഷണർ ഡോ.എ. കൗശിഗൻ, കേരള യൂത്ത് ലീഡർഷിപ് അക്കാദമി ഡയറക്ടർ ജെറോമിക് ജോർജ്, കേരള-തമിഴ്‌നാട് സോഷ്യൽ പോളിസി ചീഫ് കെ.എൽ. റാവു, കെ-ലാംപ്സ് എക്സിക്യുട്ടിവ് ഡയറക്ടർ മഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.