കർണാടകയിൽ ക്രൈസ്തവർക്കെതിരെ ആക്രമണം വർധിച്ചു; 2021ൽ മാത്രം 39 കേസുകളെന്ന് റിപ്പോർട്ട്

-ഹിന്ദുത്വ സംഘടനകളുമായി പൊലീസിന് രഹസ്യധാരണയെന്നും കണ്ടെത്തൽ ബംഗളൂരു: മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള നീക്കം ബി.ജെ.പി സർക്കാർ നടത്തുന്നതിനിടെ കർണാടകയിൽ ക്രൈസ്തവർക്കെതിരെ തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ ആക്രമണം വർധിച്ചതായി റിപ്പോർട്ട്. 2021ൽ മാത്രം ക്രൈസ്തവർക്കെതിരെ 39 ആക്രമണങ്ങളാണുണ്ടായതെന്നും എണ്ണം ഇതിലും കൂടാമെന്നും പീപിള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) പുറത്തുവിട്ട പഠന റിപ്പോർട്ടിൽ വ്യക്തമാക്കി. തീവ്രഹിന്ദു സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും പലയിടത്തും ആക്രമണത്തിന് പൊലീസ് കൂട്ടുനിന്നതായും പി.യു.സി.എല്ലിൻെറ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ആക്രമണത്തിനിരയായ 39 പാസ്​റ്റര്‍മാരോട് സംസാരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ നിരവധി അക്രമ സംഭവങ്ങളുണ്ടെന്നും പഠനത്തില്‍ പറയുന്നു. സംസ്ഥാനത്തെ ചില എം.എല്‍.എമാര്‍ പൊലീസിനെ സഹായിച്ചു. ക്രിസ്ത്യാനികളുടെ ജീവിതം ക്രിമിനല്‍വത്കരിക്കാനും ഇവരെ പ്രാര്‍ഥനായോഗങ്ങള്‍ നടത്തുന്നതില്‍നിന്ന് തടയാനും പൊലീസ് ശ്രമിച്ചു. പല സംഭവങ്ങളിലും ആക്രമണത്തിനിരയായ പാസ്​റ്റര്‍മാരെ സംരക്ഷിക്കുന്നതിന് പകരം ഇവരെ സ്‌റ്റേഷനുകളില്‍ കൊണ്ടുപോയി കേസെടുക്കുകയാണ് പൊലീസ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരിവർത്തന നിരോധനനിയമം ഇല്ലാതെതന്നെ സംസ്ഥാനത്ത് ക്രൈസ്തവർക്കെതിരായ ആക്രമണം വർധിച്ചുവെന്നും നിയമം നടപ്പായാൽ തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തർ ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യം ഉൾപ്പെടെ വിലക്കുമെന്നും സംസ്ഥാനത്ത് അരാജകത്വമുണ്ടാകുമെന്നും പി.യു.സി.എൽ ഭാരവാഹികൾ മുന്നറിയിപ്പ് നൽകുന്നു. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.