തിരുവനന്തപുരം: മൃഗശാലയിൽ മൂന്ന് മാസം മുമ്പ് പിറന്ന ബബ്ലിക്ക് കൂട്ടായി ഹിപ്പോക്ക് കുഞ്ഞ് പിറന്നു. 15 വയസ്സുള്ള ലക്ഷ്മി എന്ന പെൺ ഹിപ്പോയാണ് ബുധനാഴ്ച രാത്രി കുഞ്ഞിന് ജന്മം നൽകിയത്. 11 വയസ്സുകാരൻ ഗോകുൽ എന്ന ആൺ ഹിപ്പോയാണ് അച്ഛൻ. ഏപ്രിലിൽ ബിന്ദു എന്ന മറ്റൊരു ഹിപ്പോ ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ബബ്ലി എന്ന് പേരിട്ട ആ കുഞ്ഞ് അമ്മ ബിന്ദുവിനൊപ്പം മറ്റുള്ള ഹിപ്പോകളുടെ കൂട്ടത്തിലേക്ക് ചേർന്നുകഴിഞ്ഞു.
ആൺ ഹിപ്പോകൾ പൊതുവേ ഏഴ് മുതൽ പത്ത് വയസ്സിലും പെൺ ഹിപ്പോകൾ അഞ്ച് മുതൽ ഏഴ് വയസ്സിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്. സാധാരണയായി വെള്ളത്തിൽവെച്ച് തന്നെയാണ് ഹിപ്പോകൾ പ്രസവിക്കാറ്. ജനിച്ചയുടൻ തന്നെ മിനിറ്റുകളോളം വെള്ളത്തിനടിയിൽ ശ്വാസം അടക്കി ഇരിക്കാൻ ഹിപ്പോ കുഞ്ഞുങ്ങൾക്ക് സാധിക്കും. അമ്മ ഹിപ്പോകൾ കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്നതും വെള്ളത്തിനടിയിൽവെച്ച് തന്നെയാണ്.
ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ഹിപ്പോകൾ പ്രസവം അടുക്കുന്നതോടെ കൂട്ടത്തിൽനിന്ന് മാറി ആഴംകുറഞ്ഞ ഭാഗത്ത് പ്രസവിക്കുകയും ശേഷംകുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കൂട്ടത്തിലേക്ക് കുഞ്ഞുമായി തിരികെ വരികയുമാണ് ചെയ്യാറ്.
കൂടുതലായി മനുഷ്യരെ കാണുമ്പോൾ പ്രകോപിതരാകാൻ സാധ്യതയുള്ളതിനാൽ ഹിപ്പോ കൂടിനടുത്തേക്ക് കാഴ്ചക്കാരെ നിയന്ത്രിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഒരു ആൺ ഹിപ്പോയും പൂർണവളർച്ചയെത്തിയ അഞ്ച് പെൺ ഹിപ്പോകളുമാണ് മൃഗശാലയിലുള്ളത്. ഇപ്പൊ ഒരു കുഞ്ഞുകൂടെ ജനിച്ചതോടെ രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ എട്ട് ഹിപ്പോകളാണ് മൃഗശാലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.