തിരുവനന്തപുരം: കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകനായ ബദറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് 10 വർഷം കഠിന തടവ്. രണ്ടാം പ്രതിക്ക് മൂന്നു വർഷം കഠിന തടവും മൂന്നു മാസം തടവും വിധിച്ചു. ഒന്നര ലക്ഷം രൂപ പിഴയടയ്ക്കണം. തൃക്കോവിൽവട്ടം കിഴവൂർ ചേരിയിൽ സുൽഫി മൻസിലിൽ സുൽഫിക്കർ (49), പിതാവ് ഇബ്രാഹിം കുട്ടി (75) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
മനഃപൂർവമല്ലാത്ത നരഹത്യക്ക് 10 വർഷം (304), മാരകമായി പരിക്കേൽപ്പിക്കലിന് (324) മൂന്നു വർഷം, നാശനഷ്ടം വരുത്തലിന് (426) മൂന്നു മാസം എന്നിങ്ങനെയാണ് ശിക്ഷ. അഭിഭാഷകന്റെ കുടുംബത്തിന് ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽനിന്ന് നഷ്ടപരിഹാരത്തുക നൽകാൻ കോടതി നിർദേശിച്ചു. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറിന്റേതാണ് ഉത്തരവ്. കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കൊല്ലം ക്രൈംബ്രാഞ്ചിന് കൈമാറി. 2015 നവംബർ 30ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി വന്നത്.
2013 ഡിസംബർ ഒന്നിനാണ് സംഭവം. ഷമീറയും ഭർത്താവും തമ്മിൽ നടന്ന വഴക്കിനെക്കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു ഷമീറയുടെ ബന്ധുവായ ബദറുദ്ദീൻ. ഈ സമയം സുൽഫീക്കർ തടികൊണ്ട് ബദറുദ്ദീന്റെ മുഖത്തടിച്ചു. സുൽഫീക്കറിന്റെ പിതാവ് ഇബ്രാഹിം കുട്ടി പലക കഷണംകൊണ്ട് ആക്രമിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ ബദറുദ്ദീൻ ആശുപത്രിയിൽ മരിച്ചു.
വിചാരണ സമയത്ത് അഭിഭാഷകർ ആക്രമിക്കുമെന്ന് കാട്ടി കൊല്ലം കോടതിയിൽനിന്ന് കേസ് മാറ്റണമെന്ന് പ്രതികൾ ഹൈകോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് തിരുവനന്തപുരം ഒന്നാം അഡീ.ജില്ല കോടതിയുടെ പരിഗണനക്ക് വന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഡി.ജി, അഭിഭാഷകരായ രഞ്ജു സി.പി, ഗോപിക ജി.ആർ, ഇനില എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.