ബാലരാമപുരം: എം.എൽ.എ വിൻസന്റിന്റെ കാർ തകർക്കാൻ പ്രതി എത്തിയത് മുന്നൊരുക്കത്തോടെയാണ്. കനം കൂടിയ ഇരുമ്പ് ദണ്ഡ് വഴുതിപ്പോകാതിരിക്കാൻ പ്രത്യേകം തുണിയിൽ കെട്ടി ൈകയിൽ പിടിച്ചാണ് ആക്രമണം തുടർന്നത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും മുല്ലപ്പെരിയാർ വിഷയത്തിലും എം.എൽ.എ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണ് പൊലീസിനോട് പറഞ്ഞത്. വിഴിഞ്ഞം സ്റ്റേഷനിൽ സന്തോഷിന്റെ പേരിൽ അഞ്ച് കേസുകളുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിക്കാതെ പോകുന്നതാണ് ഇയാൾക്ക് പ്രചോദനമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. മാനസികാസ്വാസ്ഥ്യം അഭിനയമാണെന്നും നാട്ടുകാർ പറയുന്നു.
എം.എൽ.എക്കുനേരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ, കെ.പി.സി.സി ജന: സെക്രട്ടറി ജി. സുബോധൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
എം.എൽ.എ ക്കു നേരെ നടന്നത് ആസൂത്രിത അക്രമമാണെന്നും ഇയാളെ മാനസികാസ്വാസ്ഥ്യമുള്ളയാളാക്കി കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനു മുന്നിലെ ബാലരാമപുരം -വിഴിഞ്ഞം റോഡ് ഉപരോധിച്ചു. പ്രതിക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന ഡി.വൈ.എസ്.പിയുടെ ഉറപ്പിൽ മേലാണ് പ്രവർത്തകർ പിരിഞ്ഞു പോയത്. വൈകിട്ട് ബാലരാമപുരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം സുധീർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി ജി. സുബോധൻ ഉത്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിൻസെന്റ് ഡി പോൾ, കെ.വി അഭിലാഷ്, വിപിൻ ജോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.