ബാലരാമപുരം: ബാലരാമപുരത്തും പരിസരപ്രദേശത്തും തെരുവുനായ് ശല്യം രൂക്ഷം. വെങ്ങാനൂർ പഞ്ചായത്തിലെ കട്ടച്ചൽകുഴി പ്രദേശത്ത് ദിവസങ്ങൾക്ക് മുമ്പ് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെയാണ് നായ്ക്കൾ ആക്രമിച്ചത്. ഇതോടെ സ്കൂളുകളിലേക്കും വീട്ടുമുറ്റത്തേക്കുപോലും കുട്ടികളെ ഒറ്റക്ക് വിടാൻ രക്ഷിതാക്കൾ ഭയക്കുന്നു.
മത്സ്യമാർക്കറ്റുകളിലെ മാലിന്യം റോഡരികിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും വലിച്ചെറിയുന്നതാണ് നായ്ശല്യം വർധിക്കാൻ പ്രധാനകാരണമെന്ന് നാട്ടുകാർ പറയുന്നു. പല പ്രദേശങ്ങളിലും മാലിന്യ സംസ്കരണത്തിന് ശാശ്വത സംവിധാനങ്ങളില്ല.
ഒറ്റക്ക് റോഡിലൂടെ സഞ്ചരിക്കുന്നവരെയാണ് നായ്ക്കൾ കൂടുതലായി ആക്രമിക്കാൻ ശ്രമിക്കുന്നത്. പുലർച്ചെ ആരാധനാലയങ്ങളിലും ജോലിക്കും പോകുന്നവരുടെ പിന്നാലെ നായ്ക്കൾ പാഞ്ഞടുക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാരുൾപ്പെടെ പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
ബാലരാമപുരം ജങ്ഷനിലും കൂട്ടമായി നായ്ക്കളുണ്ട്. മംഗലത്തുകോണം, കട്ടച്ചൽകുഴി, ബാലരാമപുരം, പനയറക്കുന്ന്, തേമ്പാമുട്ടം, മാടൻകോവിൽ ലൈൻ, ശാലിഗോത്രത്തെരുവ്, ഇടമനക്കുഴി പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം പ്രദേശവാസികൾക്ക് ഭീഷണിയുയർത്തുന്നു. തെരുവുനായ്ക്കളുടെ നിർമാജനത്തിനായി ഷെൽട്ടറുകൾ വെങ്ങാനൂർ പഞ്ചായത്ത് പ്രദേശത്ത് സ്ഥാപിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.