ബാലരാമപുരം: രോഗപീഡകളിൽ തളരാതെ പൊരുതിനേടിയ വിജയത്തിന് ഇരട്ടിത്തിളക്കം. ബാലരാമപുരം സ്പിന്നിങ് മില്ലിന് സമീപം പരുത്തിതോപ്പില് ആര്.എസ് നിവാസില്‍ എസ്.ആര്. റീത്തുമോളാണ് എം.എഡിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അർബുദബാധിതയായി കീമോക്കും ശസ്ത്രക്രിയക്കുംശേഷം വേദനകള്‍ കടിച്ചമര്‍ത്തി പഠനം തുടരുകയായിരുന്നു. പ്രാരബ്ദങ്ങള്‍ വകവെക്കാതെ ഭര്‍ത്താവും മാതാപിതാക്കളും നല്കിയ പ്രചോദനമാണ് ഈ വലിയ വിജയത്തിന് പിന്നില്‍.
അധ്യാപികയാകണമെന്ന വലിയ ആഗ്രഹമാണ് പഠനം തുടരാൻ കാരണം. ബി.എസ്സിയും എം.എസ്സിയും പൂർത്തിയാക്കി ബി.എഡിന് ചേര്‍ന്ന് പഠിക്കുമ്പോഴാണ് അർബുദം പിടിപെട്ടത്. പത്തുമാസം നീണ്ട ചികിത്സക്കിടെയാണ് തൈക്കാട് ഗവ. കോളജ് ഓഫ് റിസര്‍ച് എജുക്കേഷനില്‍ എം.എഡിന് ചേര്‍ന്നത്. രാത്രി വീട്ടിലെ ജോലികൾ പൂർത്തിയാക്കി, മകന് ഒന്നാം ക്ലാസുകാരൻ അഭിരോണ്‍ ആര്. അലക്സ് ഉറങ്ങിയശേഷമാണ് പലപ്പോഴും പഠിക്കുക. വലതുകൈക്ക് കൂടുതല്‍ ആയാസം നൽകരുതെന്ന ഡോക്ടർമാരുടെ നിർദേശമുണ്ടായിട്ടും മൂന്നുമണിക്കൂര്‍ നീണ്ട പരീക്ഷയെഴുതി.
നിരവധി സ്വകാര്യ സ്കൂളുകളില്‍ ജോലി തേടിയെങ്കിലും രോഗവിവരം പറയുമ്പോള്‍ അവഗണിച്ച നിരവധി സംഭവങ്ങൾ റീത്തുവിന് പറയാനുണ്ട്. ജോലി നല്കിയാല് ചികിത്സക്കിടെ മുടക്കം വരുമെന്നറിയിച്ച സ്കൂള്‍ അധികൃതരുടെ വാക്കുകള്‍ക്ക് മുന്നിൽ തളരാന്‍ റീത്തു തയാറായില്ല. പൊരുതാനുള്ള കരുത്തും ദൈവാനുഗ്രഹമുണ്ടെങ്കില് എവിടെയുമെത്താമെന്നാണ് റീത്തമോളുടെ വിശ്വാസം. ഭര്‍ത്താവ് അലക്സ് കിംസ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.