ബാലരാമപുരം: സ്റ്റിയറിങ് ജാമായ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ബൈക്കിലും കാൽനടയാത്രക്കാരിയെയുമിടിച്ച് നിരവധിപേർക്ക് പരിക്ക്. ദേശീയപാതയിൽ ബാലരാമപുരം കല്ലമ്പലത്താണ് ബസ് എതിർദിശയിലേക്ക് പാഞ്ഞുകയറി ബൈക്കിലും കാൽനടയാത്രക്കാരെയുമിടിച്ചുനിന്നത്. അപകടത്തിൽ ബൈക്ക് യാത്രികൻ ഉൾപ്പെടെ അഞ്ചുപേർക്ക് പരിേക്കറ്റു.
ഞായറാഴ്ച രാവിലെ 11 ഓടെയാണ് നെയ്യാറ്റിൻകര ഡിപ്പോയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുപോയ ബസ് അപകടത്തിൽപെട്ടത്. രണ്ടു ബൈക്കുകളെയും ഒരു വഴിയാത്രക്കാരിയെയും ഇടിച്ചിട്ടു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരായ ആലുവിള കാട്ടുവിള പുത്തൻവീട്ടിൽ മഞ്ജു(28), പാപ്പനംകോട് സ്വദേശി വിപിൻ(35), കാൽനട യാത്രക്കാരിയായ കാവുവിള സ്വദേശി രാജം എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബസ് ൈഡ്രവർ കോഴിക്കോട് സ്വദേശി അബ്്ദുൽ സലാം, വനിത കണ്ടക്ടർ ഓലത്താന്നി സ്വദേശി ഷൈനി എന്നിവർക്കും പരിക്കേറ്റു. നിസ്സാര പരിക്കേറ്റ ബസ് യാത്രക്കാരായ പത്തോളം പേരും ചികിത്സ തേടി.
ദേശീയപാതയിൽ വഴിമുക്കിനും ബാലരാമപുരത്തിനുമിടയിൽ കല്ലമ്പലത്തെ വളവിലാണ് സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിൽനിന്ന് തിരിച്ച ബസാണ് അപകടത്തിൽപെട്ടത്. വളവ് തിരിയവെ നിയന്ത്രണം തെറ്റിയ ബസ്എതിർ ദിശയിലേക്ക് ഇടിച്ചുകയറിയതായി ൈഡ്രവർ അബ്്ദുൽ സലാം പറഞ്ഞു. മുൻവശത്തെ വീൽ ഒടിഞ്ഞതാണോയെന്നും സംശയമുണ്ട്.
ഇദ്ദേഹത്തിന് കൈക്കും നെഞ്ചിനും പരിക്കേറ്റു. ബസ് അമിത വേഗത്തിലല്ലാതിരുന്നതും ഞായറാഴ്ചയാതിനാൽ എതിരെ കൂടുതൽ വാഹനങ്ങൾ വരാത്തതും വൻ അപകടം ഒഴിവാക്കി. എതിർ ദിശയിലേക്ക് പാഞ്ഞുകയറിയ ബസ് ഇലക്ട്രിക് പോസ്റ്റിലും കല്ലമ്പലത്തെ പുരാതന കൽമണ്ഡപത്തിലും ഇടിച്ചാണ് നിന്നത്. ഇതിന് തൊട്ടടുത്ത് ട്രാൻസ്ഫോമറും ഉണ്ടായിരുന്നു. പോസ്റ്റിൽ ഇടിച്ചതോടെ വൈദ്യുതിബന്ധം നിലച്ചതും വൻ അപകടം ഒഴിവാക്കി. ബസിെൻറ മുൻവശം തകർന്നു.
കല്ലമ്പലത്ത് രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സംഭവമറിഞ്ഞ് എം. വിൻസൻറ് എം.എൽ.എയും സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം വാഹനഗതാഗതവും തടസ്സപ്പെട്ടു. തകരാർ പരിഹരിക്കാതെ സർവിസ് നടത്തിയതിരെയും നാട്ടുകാർ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.