ബാലരാമപുരം: ബാലരാമപുരം കച്ചേരിക്കുളം മാലിന്യം കൊണ്ടു നിറഞ്ഞു; പ്രദേശവാസികൾ ദുരിതത്തിൽ. ഒരുകാലത്ത് കൃഷിക്കും ഇതര ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന കുളം സംരക്ഷണമില്ലാതെ മാലിന്യം തള്ളി ഉപയോഗശൂന്യമായി.
വിവിധ പ്രദേശങ്ങളിലെ മാലിന്യം തള്ളിയതോടെ പ്രദേശവാസികൾ പകർച്ചവ്യാധിയുടെ ഭീതിയിലാണ്. മാലിന്യം നിറഞ്ഞതോടെ തീ കത്തിച്ച് പോകുന്നത് കുട്ടികൾ ഉൾപ്പെടെയുള്ള പരിസരവാസികളെ ശ്വാസം മുട്ടിക്കുന്നു. നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ടും ഫലമില്ല.
മുമ്പ് ലക്ഷങ്ങൾ മുടക്കി കച്ചേരിക്കുളം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചെങ്കിലും ഫലംകണാതെ പോയി. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കുളവാഴകൾ സമൃദ്ധമായി വളർന്നിട്ടുണ്ട്. ഇരുകരകളും കൈയേറ്റം നടക്കുന്നതായും ആക്ഷേപമുണ്ട്.
കച്ചേരിക്കുളത്തിന് സമീപത്തെ സ്വകാര്യ കെട്ടിട ഉടമകൾ കുളത്തിൽ മാലിന്യമിട്ട് നികത്താനുള്ള ശ്രമം തുടരുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതർ മൗനം പാലിക്കുന്നു.
രാജഭരണകാലത്ത് വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും വേണ്ടി നിർമിച്ച കുളം വെങ്ങാനൂർ ഏലായിലെ കൃഷിക്കും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. കുളം സംരക്ഷിക്കാൻ ചുമതലപ്പെട്ടവർതന്നെ കുളത്തിൽ മാലിന്യം തള്ളുന്നു.
നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുളം സംരക്ഷിക്കണമെന്ന് ഓംബുഡ്സ്മാൻ 2009ൽ പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ, മുൻ ഭരണസമിതിയുടെ കാലത്ത് മാലിന്യം കൊണ്ടിട്ട് കുളം നികത്തി. പഞ്ചായത്ത് കുളത്തിന്‍റെ പകുതി ഭാഗം പാർക്കിങ് ഏരിയക്കായി ലക്ഷങ്ങൾ മുടക്കി കൂറ്റൻ മതിൽ കെട്ടി തിരിച്ചിരുന്നു. കൂറ്റൻ മതിൽ നിർമിച്ച് കുളം സംരക്ഷിക്കുന്നതിന് പഞ്ചായത്ത് രംഗത്തുവന്നെങ്കിലും വീണ്ടും മാലിന്യം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.