ബാലരാമപുരം: കോവിഡ് ചികിത്സയിലിരിക്കെ മരിച്ച ഷമീറിനെക്കുറിച്ച് നാട്ടുകാർക്കും കൂട്ടുകാർക്കും പറയാനുള്ളത് നല്ല വാക്കുകൾ മാത്രം. ജീവിതത്തിൽ നിരവധി ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് ഷമീർ ഈ ലോകത്തോട് വിട പറഞ്ഞത്. ചിരിച്ച മുഖത്തോടെ വാടകവീട്ടിൽ നിന്ന് കോവിഡ് ചികിത്സക്കായി പോകുമ്പോഴും സ്വന്തമായി ഒരു വീട് എന്ന മോഹം മനസ്സിലൊതുക്കി ഷമീർ മരണത്തിന് കീഴടങ്ങി.
പരിചയപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത സൗഹൃദവും ബന്ധവും കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു ഷമീറിേൻറത്. ചിരിക്കുന്ന മുഖത്തോടെ മാത്രമേ ഷമീർ നാട്ടുകാരോടും കൂട്ടുകാരോടും ഇന്നേവരെ സംസാരിച്ചിട്ടുള്ളൂ.
ചെറുപ്പകാലം മുതൽ സ്പോർട്സിൽ കമ്പമുണ്ടായിരുന്ന ഷമീർ ക്രിക്കറ്റ് കളിയിൽ പ്രദേശിക തലങ്ങളിൽ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ക്രിക്കറ്റ് ക്ലബുകാർ നടത്തുന്ന മത്സരങ്ങളിൽ പലപ്പോഴും റഫറിയായി ഷമീറുണ്ടാകും. ക്രിക്കറ്റിലെ റഫറിയായി നിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനവും ഷമീറിന് വലിയ ആശ്രയമായിരുന്നു.
കൂട്ടുകാരുടെ എല്ലാ ആവശ്യത്തിനും ഷമീർ അവസാനം വരെയും കൂടെയുണ്ടാകുമായിരുന്നു. ജീവിത പ്രാരബ്ധങ്ങൾ കാരണം വിവിധ ജോലികൾ തേടിപ്പോയെങ്കിലും സ്വന്തം വീടെന്ന മോഹം ബാക്കിയായിരുന്നു. പ്രായഭേദെമന്യേ വലിയൊരു സുഹൃത്ത്വലയത്തിനുടമയായിരുന്നു.
അസുഖം ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സക്ക് പോകുമ്പോഴും പുഞ്ചിരിയോടെ വീട്ടുകാരോടും മക്കളോടും തിരിച്ചുവരാമെന്ന് പറഞ്ഞാണ് വാടകവീട്ടിൽ നിന്നും പടിയിറങ്ങിയത്. കൂട്ടുകാരുടെ ചങ്കും നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായിരുന്ന ഷമീർ ജീവിതാവസാനം വരെയും സൗഹൃദം നിലനിർത്തി മറ്റൊരു ലോകത്തേക്ക് പുഞ്ചിരിക്കുന്ന മുഖവുമായി യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.