ബാലരാമപുരം: കൈത്തറിയുടെ ഈറ്റില്ലം എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ബാലരാമപുരം, ഇന്ന് ഒരു കൂട്ടം നെയ്ത്ത്, പാവുണക്ക് തൊഴിലാളികളുടെ നോവും നൊമ്പരവുമാകുന്നു. പരമ്പരാഗതമായ ഈ തൊഴിൽ കാലങ്ങളായി ജീവിതവൃത്തിക്കായി നെഞ്ചേറ്റിയിരുന്ന തൊഴിലാളികൾ ഇന്ന് ഉപജീവനത്തിന് പോലും വകയില്ലാതെ ദുരിതം പേറുകയാണ്. നെയ്ത് കൂട്ടുന്ന കൈത്തിറി ഉൽപന്നങ്ങൾക്ക് മാർക്കറ്റ് കുറഞ്ഞതും ആ രംഗത്തേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ കടന്നുവന്നതും വലിയ തിരിച്ചടിയായി. ഇതോടെ ബാലരാമപുരം കൈത്തറിയും ആയിരക്കണക്കിന് വരുന്ന തൊഴിലാളികളും പെരുവഴിയിലായി.
ഇന്ന് ചിലർ പേരിന് മാത്രം ഈ തൊഴിൽ കൊണ്ടുനടക്കുന്നു. ഒരാനുകൂല്യവും ഇവർക്കുനേരെ എത്തിയിട്ടില്ല. എല്ലാ ഓണക്കാലവും പോലെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന വിഭാഗമായി ഇക്കുറിയും അവർ മാറും. കൈത്തറിയുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്ന ഒരുഫണ്ടും ലഭിക്കാത്തവരാണ് പാവുണക്ക് തൊഴിലാളികള്‍. കോടികളുടെ ഫണ്ട് കൈത്തറിയുടെ പേരില്‍ വിനിയോഗിക്കുമ്പോഴും കൈത്തറി മേഖലക്ക് വേണ്ടി പണിയെടുന്ന തൊഴിലാളികള്‍ക്ക് ഒന്നും ലഭിക്കുന്നില്ല.
കൈത്തറി മേഖലക്ക് വേണ്ടി രാപ്പകല്‍ വ്യാത്യാസമില്ലാതെ ജോലി നോക്കുന്ന ഒരു വിഭാഗമാണ് പാക്കളങ്ങളിലെ നെയ്ത്തുകാര്‍. എന്നാൽ ഇതുവരെയും പണിയെടുക്കുന്ന തൊഴിലാളികളായി ഇവരെ അംഗീകരിച്ചില്ല.
വറുതിയുടെ നടുവിലും ഇക്കുറിയും ഓണത്തെ വരവേല്‍ക്കാൻ ബാലരാമപുരത്തെ പാക്കളങ്ങള്‍ ഉണർന്നിട്ടുണ്ട്. ബാലരാമപുരത്തും സമീപപ്രദേശങ്ങളായ ഐത്തിയൂര്‍, കല്ലിയൂര്‍, പെരിങ്ങമ്മല, കോട്ടുകാല്‍, മംഗലത്ത്കോണം തുടങ്ങിയ പ്രദേശങ്ങളിലെ പാക്കളങ്ങളില്‍ തൊഴിലാളികൾ രാപ്പകൽ വ്യത്യാസമില്ലാതെ പണിയെടുക്കുകയാണ്. ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമായി ഈ തൊഴിൽ ശോഷിച്ചു.
ബാലരാമപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന നൂലിനെ കൈത്തറി വസ്ത്രത്തിന് അനുയോജ്യമാക്കുകയാണ് ഇവിടത്തെ തൊഴിലാളികൾ. ചര്‍ക്കയില്‍ നൂല്ചുറ്റി പാവോട്ടം നടത്തിയാണ് പാക്കളങ്ങളില്‍ എത്തിക്കുക. സൂര്യരശ്മി നേരിട്ട് പതിക്കാത്ത തോപ്പുകളിലെ ചോലകളിലാണ് പാവുവിരിക്കുന്നത്. ഇവക്ക് 150 മീറ്ററോളം നീളമുണ്ടാകും. പാക്കളങ്ങളുടെ ഇരുവശത്തും തൂണുകളിലൂടെ കപ്പിയും കയറും ഉപയോഗിച്ച് നൂല്കെട്ടി നിര്‍ത്തി പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്.
മരച്ചീനിയുടെയും ആട്ടമാവിന്റെയും മിശ്രിതപശ പാവില്‍ തേച്ചുപിടിപ്പിക്കുന്നു. തുടര്‍ന്ന് പല്ലുവരി കൊണ്ട് ചീകിയെടുത്ത് നൂല് ഉണക്കുന്നതാണ് പാവുണക്കല്‍. പുലര്‍ച്ച അഞ്ചിന് ആരംഭിക്കുന്ന തൊഴിലാളികളുടെ പാവുണക്കല്‍ വൈകീട്ട് മൂന്ന് വരെ നീളും. ദിവസം മൂന്ന് പാവു മാത്രമേ ഒരു കളത്തില്‍ ഉണക്കാന്‍ കഴിയുകയുള്ളൂ.
കൈത്തറിക്ക് പിന്നിലെ ഈ അധ്വാനം പുറം ലോകത്ത് അധികമാര്‍ക്കും അറിയാതെ പോകുന്നു. ഈ തൊഴിലാളികളെ കൈത്തറി തൊഴിലാളികളായി അഗീകരിച്ചിട്ടില്ലാത്തതിനാല് പെന്ഷന് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളില്ല. 150 ലേറെ പാക്കളങ്ങളുണ്ടായിരുന്ന ബാലരാമപുരത്ത് ഇന്ന് അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം.ഓണനാളുകള്‍ മാറ്റുകൂട്ടാന്‍ നടെങ്ങും കൈത്തറി ശേഖരം കണ്‍തുറക്കുമ്പോള്‍ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും നനവുള്ള പാക്കളങ്ങള്‍ക്ക് വിശ്രമമില്ല. അധികൃതരുടെ കണ്ണ് തുറക്കുന്നതും കാത്ത് ഓരോ ഓണനാളുകളും ഇവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അന്യം നിന്നുപോകുന്ന ഈ തൊഴില്‍ സംരക്ഷിക്കുന്നതിന് വേണ്ട നടപടി സർക്കാറിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്ന ആവശ്യവുമുയരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.