ബാലരാമപുരം: ദേശീയപാത വികസനഭാഗമായി ബാലരാമപുരത്ത് അടിപ്പാത നിർമാണത്തിന് വിജ്ഞാപനമായി. സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെ തുടർനടപടികൾ ഉടൻ ആരംഭിക്കും. അടിപ്പാത നിർമാണത്തിനുള്ള സ്ഥലത്തിന്റെ സർവേ നമ്പരുകളുള്ള വിജ്ഞാപനമാണിറക്കിയത്. ബാലരാമപുരത്ത് അടിപ്പാത നിർമാണത്തിന് കിഫ്ബി 113.90 കോടി രൂപ അനുവദിച്ചിരുന്നു.
നേരത്തേ, അടിപ്പാത വേണമെന്നും വേണ്ടെന്നും രണ്ട് അഭിപ്രായങ്ങൾ നാട്ടുകാർക്കിടയിൽ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊടിനട-കളിയിക്കാവിള ദേശീയപാത വികസനത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. കരമന- കളിയിക്കാവിള പാതയിൽ കൊടിനടവരെയുള്ള വികസനം പൂർത്തീകരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. എന്നാൽ, അടുത്തഘട്ടം വൈകുകയാണ്. നിരവധി തവണ ഫണ്ട് അനുവദിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. കൊടിനടമുതൽ വഴിമുക്കുവരെ 30.2 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കൽ നടക്കുകയാണ്. എന്നാൽ, ഒച്ചിഴയും വേഗത്തിലാണ് പ്രവൃത്തി.
വഴിമുക്ക് മുതൽ കളിയിക്കാവിളവരെയുള്ള റോഡ് വികസനത്തിനായി 17 കിലോമീറ്റർ കിഫ്ബി ടി.ആർ.സി മുഖേന സർവേ നടത്തി ഡി.പി.ആർ തയാറാക്കി വരികയാണ്. പി.ഡബ്ല്യു.ഡി ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ഡിസൈൻ വിങ്ങിന് കൈമാറുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ രൂപരേഖ തീരുമാനിക്കുകയുള്ളൂ. പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങാതെ വികസനം അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.