ബാലരാമപുരം: കട്ടച്ചൽകുഴിയിൽ കുട്ടികളെ ഉൾപ്പെടെ നാലുപേരെ ആക്രമിച്ച തെരുവുനായ് ചത്തു. പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ നായെ ചത്തനിലയിൽ കണ്ടത്തിയത്. നാലുപേരെയും കടിച്ചത് ഈ നായ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പേവിഷബാധയുണ്ടോയെന്നറിയാൻ നായെ പാലോട് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, പ്രദേശത്ത് ഞായറാഴ്ചയും വീട്ടമ്മക്ക് തെരുവുനായുടെ കടിയേറ്റു. കട്ടച്ചൽകുഴി കിണറുവെടിവിള വീട്ടിൽ സുലോചനക്കാണ് (60) നായുടെ ആക്രമണത്തിൽ പരിക്കേറ്റത്.
രാവിലെ 10ഓടെ ചന്തയിൽപോയി മടങ്ങിവരുമ്പോൾ റോഡിൽവെച്ചായിരുന്നു സംഭവം. ശനിയാഴ്ചയും സുലോചനയെ നായ് ആക്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെട്ടിരുന്നു.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെയും വയോധികയെയും പതിനാറുകാരനെയുമാണ് ശനിയാഴ്ച തെരുവുനായ് ആക്രമിച്ചത്.
അരക്കിലോമീറ്റർ വ്യത്യാസത്തിൽ രാവിലെയും വൈകീട്ടുമായിരുന്നു സംഭവം. ബാലരാമപുരം മംഗലത്തുകോണം വാറുവിളാകത്ത് വീട്ടിൽ ദീപു-വിദ്യ ദമ്പതികളുടെ മകൻ ദക്ഷിത് (രണ്ട്), ബാലരാമപുരം കട്ടച്ചൽകുഴി പുത്തൻകാനത്ത് വീട്ടിൽ മിഥുന-മനോദ് ദമ്പതികളുടെ മകൾ അഗ്നിമിത്ര (മൂന്ന്), മുത്തശ്ശി ഗീത (55), പുത്തൻകാനത്ത് സുരേഷിന്റെ മകൻ ധനുഷ് (16) എന്നിവർക്കാണ് പരിക്കേറ്റത്.
മുഖം കടിച്ചുകീറിയ നിലയിൽ അഗ്നിമിത്രയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെനിന്ന് പ്ലാസ്റ്റിക് സർജറിക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ 9.30ഓടെ വീടിന് മുന്നിൽ കളിക്കുമ്പോഴാണ് ദക്ഷിതിനെ തെരുവുനായ് കടിച്ചുകുടഞ്ഞത്.
കുഞ്ഞിന്റെ നിലവിളി കേട്ടെത്തിയ മുത്തശ്ശി സുജാത മൺവെട്ടിയുടെ കൈകൊണ്ട് നായെ അടിച്ചോടിച്ചാണ് രക്ഷിച്ചത്. വയറിലും തോളിനും ഗുരുതര പരിക്കേറ്റ ദക്ഷിതിനെ ബാലരാമപുരത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നായുെട പോസ്റ്റുമോർട്ടം
സംബന്ധിച്ച് തർക്കം,
പ്രതിഷേധം
നായ് ചത്തതോടെ കടിയേറ്റവരുടെയും നാട്ടുകാരുടെയും ആശങ്ക വർധിച്ചു. ഇതോടെ നായുടെ പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
എന്നാൽ, നായെ നാട്ടുകാരുടെ ചെലവിൽ പാലോട് വെറ്ററിനറി ആശുപത്രിയിലെത്തിക്കണമെന്ന അഭിപ്രായവുമായി വെറ്ററിനറി ഉദ്യോഗസ്ഥർ രംഗത്തെത്തിയത് പ്രതിഷേധത്തിന് കാരണമായി.
പോസ്റ്റ്മോർട്ടത്തിനായി എത്തിക്കുന്ന ചെലവ് നായുടെ ഉടമസ്ഥനെ കണ്ടെത്തി ഈടാക്കണമെന്ന് കാണിച്ച് നോട്ടീസും ഉദ്യോഗസ്ഥർ നൽകി. ഇതോടെ പ്രതിഷേധം ശക്തമായി.
തുടർന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വാർഡ്മെംബർ രാജേഷിന്റെ നേതൃത്വത്തിൽ ഗുഡ്സ് ഓട്ടോറിക്ഷയിലാണ് നായെ പാലോട്ടേക്ക് കൊണ്ടുപോയത്. ശേഷമാണ് പ്രതിഷേധത്തിനും അയവ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.