ബാലരാമപുരം: ടർഫിൽ ഫുട്ബാൾ കളിക്കാനെത്തിയ യുവാവിനെ അക്രമിച്ച സംഭവത്തിൽ പ്രതികളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഊരൂട്ടമ്പലം കൃഷ്ണപുരം വൈഷ്ണവം വീട്ടിൽ ആനന്ദ് (24), സഹോദരൻ അച്ചു എന്ന് വിളിക്കുന്ന അരവിന്ദ് (22), എരുത്താവൂർ പടിഞ്ഞാറേനട പടിനടവീട്ടിൽ രാഹുൽ (29), മുടവൂർപാറ തേരിക്കവിള അഖിൽ ഭവനിൽ അഖിൽ (23), എരുത്താവൂർ പടിഞ്ഞാറേനട മലഞ്ചെരുവിൽ വിനീഷ് ഭവനിൽ കിച്ചു എന്ന് വിളിക്കുന്ന അരുൺ വിൻസി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നരുവാമൂട് ആരതിയിൽ അഭിജിത്ത് (20) നെയാണ് ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ സംഘം അക്രമിച്ചത്. എരുത്താവൂരുള്ള ടർഫിൽ ഫുട്ബാൾ മാച്ച് കളിക്കാനെത്തിയ അഭിജിത്ത് ബൈക്ക് പാർക്ക് ചെയ്ത് ടർഫിലേക്ക് നടന്നു പോകുമ്പോൾ മദ്യലഹരിയിലായിരുന്ന പ്രതികൾ ബൈക്ക് മാറ്റാൻ ആവശ്യപ്പെടുകയും തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും പ്രതികൾ ഹെൽമറ്റ് കൊണ്ട് അഭിജിത്തിന്റെ തലയിലും കമ്പികൊണ്ട് മുതുകിലും അടിച്ചു പരിക്കേല്പിക്കുകയായിരുന്നു.
ശാന്തിവിള ആശുപത്രിയിൽ ചികിത്സക്ക് ശേഷം ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി തിരികെ പോയ അഭിജിത്തിനെ പ്രതികൾ ഫോൺ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത ബാലരാമപുരം പൊലീസ് അഞ്ച് പ്രതികളേയും പിടികൂടുകയായിരുന്നു. ബാലരാമപുരം എസ്.എച്ച്.ഒ വിജയകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ആന്റണി ജോസഫ് നെറ്റോ, പുഷ്പാംഗദൻ ആചാരി, എസ് സി.പി.ഒമാരായ സന്തോഷ് കുമാർ, ഉല്ലാസ്, സന്തോഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.