ബാലരാമപുരം: വികസനത്തിന്റെ പേരിലെ ആശങ്ക ഒഴിയാതെ നാട്ടുകാർ. വിഴിഞ്ഞം പദ്ധതിയുടെ റെയിൽവേ ലൈനും റിങ് റോഡും ബാലരാമപുരം ദേശീയപാത വികസനവുമുൾപ്പെടെയുള്ളവയാണ് ആശങ്ക ഒഴിയാതെ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നത്. കരമന-കളിയിക്കാവിള ദേശീയപാത വികസനം ബാലരാമപുരം ജങ്ഷന് സമീപം വന്ന് നിൽക്കുമ്പോൾ ജങ്ഷന്റെ വികസനം ഏത് തരത്തിലാണെന്ന് ഇതേവരെ അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തതയുണ്ടായിട്ടില്ല.
നൂറുമീറ്റർ ചുറ്റളവിൽ ജങ്ഷൻ വികസിക്കുമെന്നാണ് ആദ്യ ഘട്ടങ്ങളിൽ പറഞ്ഞിരുന്നത്. ജങ്ഷനിൽ മേൽപാലവും അടിപ്പാതയും നിർമിക്കാൻ സാധ്യതയുണ്ടെന്നും പല കേന്ദ്രങ്ങളിൽ നിന്നും അറിയിപ്പുണ്ട്. വിഴിഞ്ഞം ഭൂഗർഭ െറയിൽവേ ലൈൻ ഏതുവഴി പോകുമെന്ന് നാട്ടുകാർക്കറിയില്ല. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വിഴിഞ്ഞം-മംഗലപുരം റിങ് റോഡും ആശങ്ക ഉയർത്തുന്നു. ഇവ രണ്ടും കടന്നുപോകുന്ന പള്ളിച്ചൽ, ബാലരാമപുരം പഞ്ചായത്തുകളിലെ ജനങ്ങൾ ഇതിന്റെ നിജസ്ഥിതി അറിയാൻ ദിവസവും വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും ദിവസവും കയറിയിറങ്ങുകയാണ്. ഭൂമിയും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുമോ എന്നൊന്നും അറിയാത്ത അവസ്ഥയിലാണിപ്പോൾ. അതിനാൽ ഭൂമി കൈമാറ്റങ്ങളും നടക്കുന്നില്ല.
70 മീറ്റർ വീതിയിലാണ് പാത നിർമിക്കുകയെന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോൾ പാത കടന്നുപോകുന്ന പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഭൂമി തുടച്ചുനീക്കപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റിങ് റോഡ് നിർമാണത്തിനായി പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് 10ാം വാർഡായ വടക്കേവിളയിലെ 23 സർവേ നമ്പറുകളിലെ ഭൂമി ഏറ്റെടുക്കുമെന്നാണ് വില്ലേജ് ഓഫിസിൽ ലഭിച്ചിരിക്കുന്ന വിവരം. അതുപോലെ ഭൂഗർഭപാത നിർമാണം 40 മീറ്റർ താഴ്ചയിലായിരിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഏതിലൂടെയാണ് കടന്നുപോവുക എന്ന് ഇപ്പോഴും വ്യക്തമല്ല.
അതിനാൽ ഇതിന് മുകളിലെ നിലവിലെ വീടുകൾക്ക് എന്തെങ്കിലും സംഭവിക്കുമോയെന്നും പുതിയ വീടുകൾ െവക്കാമോയെന്നും ആശങ്കയുമായി ആളുകൾ അധികൃതരെ സമീപിക്കുന്നുണ്ട്. ബാലരാമപുരം പള്ളിച്ചൽ പഞ്ചായത്തിൽ പല സ്ഥലങ്ങളിലും റെയിൽവേയുടെയും റോഡിന്റെയും പേരിൽ വിൽപന മുടങ്ങിക്കിടക്കുന്നു. എത്രയും വേഗം നാട്ടുകാരുടെ ആശങ്കക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.