ബാലരാമപുരം: ബാലരാമപുരത്ത് പൊലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ബാലരാമപുരം ഗ്രാമപഞ്ചായത്ത് അനുവദിച്ച സ്ഥലം തിരികെയെടുക്കാനൊരുങ്ങി പഞ്ചായത്ത് കമ്മിറ്റി. ചൊവ്വാഴ്ച കൂടിയ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഐകകണ്ഠ്യേനയാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം. രണ്ട് ദിവസത്തിനുള്ളിൽ ബാലരാമപുരം പൊലീസിനും ആഭ്യന്തരവകുപ്പിനും കത്ത് നൽകാനുള്ള തയാറെടുപ്പിലാണ് ഗ്രമാപഞ്ചായത്ത് അധികൃതർ.
ബാലരാമപുരം ജങ്ഷന് സമീപം കച്ചേരിക്കുളത്ത് 2018ൽ സ്ഥലം അനുവദിച്ചിട്ടും ഒരുവിധത്തിലുള്ള നടപടികളും നടക്കാതെ പോയതോടെയാണ് പഞ്ചായത്ത് കമ്മിറ്റിയിൽ ഭൂരിഭാഗം പഞ്ചായത്ത് അംഗങ്ങളും സ്ഥലം തിരികെയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കോടികൾ വിലമതിക്കുന്ന സ്ഥലം നൽകിയിട്ടും വികസനമില്ലാതെ നശിക്കുന്നതാണ് ഭൂരിഭാഗം പഞ്ചായത്ത് അംഗങ്ങളെയും ചൊടിപ്പിച്ചത്.
ആദ്യഘട്ടത്തിൽ പഞ്ചായത്ത് കച്ചേരികുളത്തിൽ സ്റ്റേഷനുവേണ്ടി പത്ത് സെൻറ് സ്ഥലം അനുവദിച്ചെങ്കിലും ആവശ്യമായ സ്ഥലമില്ലെന്ന കാരണത്താൽ ആഭ്യന്തര വകുപ്പ് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് അന്ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ സ്റ്റേഷൻ നിർമാണത്തിന് 20 സെൻറ് സ്ഥലം അനുവദിച്ച് റിപ്പോർട്ട് നൽകി. കുറഞ്ഞത് നാൽപത് സെൻറ് സ്ഥലമെങ്കിലും അനുവദിക്കണമെന്ന ആവശ്യമാണ് പൊലീസ് ഉന്നയിച്ചത്. ബാലരാമപുരം ജങ്ഷനിലുണ്ടായിരുന്ന പൊലീസ് സ്റ്റേഷൻ പനയാറകുന്നിലെ വാടകക്കെട്ടിടത്തിലേക്ക് മാറിയിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും പൊലീസ് സ്റ്റേഷന് വേണ്ടി അനുവദിച്ച സ്ഥലത്ത് കെട്ടിട നിർമാണത്തിന് വേണ്ടിയുള്ള നടപടി സ്വീകരിക്കാതെ പോകുന്നതിനെതിരെ പരക്കെ ആക്ഷേപമുയർന്നിരുന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷന് ഓരോ വർഷവും നല്ലൊരു തുകയാണ് വാടകയായി നിലവിൽ നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.