ബാലരാമപുരം: ബാലരാമപുരത്ത് കോട്ടയം സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ അടിച്ചുതകർത്തു. ബാലരാമപുരം ജങ്ഷന് സമീപം കൊടിനടയിൽ െവച്ചാണ് കോട്ടയം അയർകുന്നം തോപ്പിൽ ഹൗസിൽ ജോർജ് ജോസിന്‍റെ ഫോർഡ് കാർ ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം.
സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗഡിക്കോണം പാണൻവിള നക്ഷത്രയിൽ അജിത്കുമാർ (43), ഇദ്ദേഹത്തിന്‍റെ അമ്മാവൻ കല്ലിയൂർ സ്വദേശി ജയപ്രകാശ് ഗൗതമൻ (75) എന്നിവരാണ് ബാലരാമപുരം പൊലീസ് കസ്റ്റയിലുള്ളത്.
ജോർജ് ജോസിനൊപ്പം ഭാര്യയും മൂന്ന് മക്കളും കാറിലുണ്ടായിരുന്നു. കൈത്തറിവസ്ത്രങ്ങൾ വാങ്ങാൻ കോട്ടയത്ത് നിന്ന് ബാലരാമപുരത്ത് എത്തിയതായിരുന്നു ഇവർ. ജോസിന്‍റെ കാർ മുന്നിൽ പോയ അജിത്കുമാറിന്‍റെ കാറിന്‍റെ പിറകിൽ തട്ടിയതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. തട്ടിയിട്ടും കാർ നിർത്താതെ ജോർജ് ജോസ് മുന്നോട്ട് എടുത്തത് അജിത് കുമാറിനെ ചൊടിപ്പിച്ചു. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങി ജോർജ് ജോസുമായി വാക്കേറ്റമായി. പിന്നാലെ കാറിന്‍റെ മുൻഗ്ലാസും ഡോർഹാൻഡിലും തകർക്കുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ നാട്ടുകാരും തടിച്ചുകൂടി. വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തിയാണ് അജിത്കുമാറിനെയും ഒപ്പമുണ്ടായിരുന്ന അമ്മാവനെയും കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.