ബാലരാമപുരം: വേണ്ടത്ര ഫിറ്റ്നസില്ലാതെ കെ.എസ്.ആർ.ടി.സി ബസ് നിരത്തിലിറങ്ങുന്നത് അപകടം വിളിച്ചുവരുത്തുന്നു. ചൊവ്വാഴ്ച രാവിലെ ബാലരാമപുരം വെടിവെച്ചാൻകോവിലിൽ നടന്ന അപകടകാരണവും ബസിന്‍റെ തകരാറായിരുന്നു. ബയറിങ്ങിന്‍റെയോ ടയറിലെ ബോൾട്ടുകളുടെയോ തകരാറാകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വലിയ ദുരന്തത്തിൽനിന്നാണ് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടത്. സ്വകാര്യ വാഹനങ്ങളിൽ മാത്രം മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധന ഒതുങ്ങി നിൽക്കുന്നതാണ് ഇത്തരം അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഡ്രൈവറുടെ സമയോചിതമായ പ്രവർത്തനമാണ് വലിയൊരു ദുരന്തമൊഴിവായത്.
പഴക്കം ചെന്ന കെ.എസ്.ആർ.ടി.സി ബസുകൾ ചായം തേച്ച് പിടിപ്പിച്ച് ചെറിയ മിനുക്കുപണികൾ നടത്തിയാണ് ഫിറ്റ്നസ് ടെസ്റ്റിന് കൊണ്ടുപോകുന്നത്. എന്നാൽ, സർക്കാർ വാഹനമായതിനാൽ പഴക്കംചെന്ന ബസുകൾപോലും ഫിറ്റ്നസ് ടെസ്റ്റ് വിജയിപ്പിച്ച് വിടുന്നതു പതിവാണെന്ന് ആരോപണമുയരുന്നു. പലരുടെയും ഭാഗ്യംകൊണ്ടാണ് അപകടത്തിൽനിന്ന് പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടുന്നത്.
അഞ്ചും ആറും വർഷം ഫാസ്റ്റ് പാസഞ്ചറായും സൂപ്പർ ഫാസ്റ്റായും ഓടിത്തളർന്ന ബസുകളെ ചെറിയ അറ്റകുറ്റപ്പണി നടത്തി പുതിയ ബസെന്നതരത്തിൽ ഡിപ്പോകളിലെത്തിക്കുന്നു. പലപ്പോഴും യാത്രാമധ്യേ ബസ് റിപ്പയറാകുന്നതും പതിവ് കാഴ്ചയാണ്.
പ്രദേശത്തെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെയുള്ള അവഗണനക്കെതിരെ പ്രതിഷേധവുമുയരുന്നു. പഴക്കം ചെന്ന അപകടാവസ്ഥയിലായ ബസ് ഫിറ്റ്നസ് പരിശോധന കർശനമാക്കി നിരത്തിലിറക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.