തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂരിൽ പക്ഷികളെ കൊന്നൊടുക്കൽ ദൗത്യം പൂർത്തിയായി. കോഴി, താറാവ് എന്നിവയടക്കം 3582 പക്ഷികളെയാണ് രണ്ട് ദിവസങ്ങളിലായി കൊന്ന് കത്തിച്ചത്. ഇതിൽ 2326 കോഴികളും 1012 താറാവുകളുമുണ്ട്. ഇതിന് പുറമെ 244 അലങ്കാര-അരുമപ്പക്ഷികളെയും കൊന്നൊടുക്കി. കേന്ദ്ര മാനദണ്ഡപ്രകാരമായിരുന്നു നടപടികൾ.
693 കോഴിമുട്ടയും 344.75 കിലോ തീറ്റയും കത്തിച്ച് നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. 50 കോഴികളുള്ള ഒരു ഫാമാണ് പ്രദേശത്തുണ്ടായിരുന്നത്. പുറമെ വീടിനോട് ചേർന്ന് വളർത്തിയ 1500 കോഴികളും. ഇതെല്ലാം ഉൾപ്പെടെയാണ് 2326 കോഴികൾ. ക്ലോറോഫോം ഉപയോഗിച്ച് ശാസ്ത്രീയമായാണ് പക്ഷികളെ കൊന്നത്.
ശേഷം ഇവയെല്ലാം പെരുങ്ങുഴിക്ക് സമീപം കായൽതീരത്തെ പുറമ്പോക്ക് ഭൂമിൽ എത്തിച്ച് കുഴിയെടുത്ത് കത്തിച്ചു. മുട്ടയും കാലിത്തീറ്റയും ഇവിടെയെത്തിച്ച് കത്തിച്ചു. ശേഷം മണ്ണിട്ട് മൂടുകയും അതിന് മുകളിൽ മണ്ണ് പുറത്ത് കാണാത്തവിധം കുമ്മായം മൂടുകയും ചെയ്തു.
മൂന്ന് മാസത്തേക്ക് ഇവിടെ മറ്റൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ധ്രുതകർമസേനയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. എട്ടു യൂനിറ്റുകളാണ് ഒരേസമയം പ്രവർത്തിച്ചത്.
ഒരു ഡോക്ടർ, രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഒരു അറ്റൻഡർ, രണ്ട് തൊഴിലാളികൾ, വാർഡ് മെംബർ, ആശ പ്രവർത്തക, ഒരു പൊലീസുകാരൻ എന്നിവരാണ് ഓരോ സംഘത്തിലുമുണ്ടായിരുന്നത്. ഇതിന് പുറമെ അഗ്നിശമനസേനയും ഒപ്പമുണ്ടായിരുന്നു.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജങ്ഷൻ വാർഡിന്റെ (വാർഡ്-15) ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് (വാർഡ്-17) പൂർണമായും പഞ്ചായത്ത് ഓഫിസ് വാർഡ് (വാർഡ് 16), കൃഷ്ണപുരം വാർഡ് (വാർഡ് 7), അക്കരവിള വാർഡ് (വാർഡ് 14), നാലുമുക്ക് (വാർഡ് 12) കൊട്ടാരംതുരുത്ത് (വാർഡ് 18) എന്നിവയിൽ ഭാഗികമായും ഉൾപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയുമാണ് നശിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ അഞ്ചിന് തുടങ്ങിയ ദൗത്യം ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് പൂർത്തിയായത്. ജനങ്ങളുടെ പൂർണ സഹകരണമുണ്ടായിരുന്നതായും ആളുകൾക്ക് കാര്യങ്ങളെക്കുറിച്ച് കൃത്യമായും ധാരണയുണ്ടായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആളില്ലാതിരുന്ന വീടുകളിൽ ചൊവ്വാഴ്ചയെത്തി നടപടികൾ പൂർത്തിയാക്കി.
ജോലിക്കും മറ്റും പോയിരുന്നവർ മടങ്ങിയെത്തിയശേഷം അവരുടെ വീടുകളിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുശേഷം പ്രവർത്തനം പൂർത്തിയാക്കി. കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ് , മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം കോർപറേഷനിലെ കഴക്കൂട്ടം (വാർഡ്-01), ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽനിന്ന് പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമപ്പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്, വിൽപന എന്നിവ കലക്ടർ നിരോധിച്ചിട്ടുണ്ട്.
ഈ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പുറത്തേക്ക് മുട്ട, ഇറച്ചി, വളം, തീറ്റ എന്നിവയുടെ വിൽപന, നീക്കം എന്നിവക്കും മൂന്ന് മാസത്തെ നിരോധനമുണ്ടാകും. വളർത്തുപക്ഷികളിൽ അസ്വാഭാവികമായി കൂട്ടമരണം സംഭവിക്കുന്ന സാഹചര്യങ്ങളിൽ വിവരം മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം.
തിരുവനന്തപുരം: പക്ഷികളെ കൊന്നൊടുക്കിയ ഫാമുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സാനിറ്റൈസേഷൻ പ്രക്രിയ നടത്തി. മറ്റു പ്രദേശങ്ങളിൽ ആശാവർക്കർമാരുടെ സഹായത്തോടെ സാനിറ്റൈസേഷൻ തുടരുന്നു. വലിയ ഫാമുകളിൽ സാനിറ്റൈസേഷൻ ജോലികൾ ചെയ്യുന്നതിനായി ഫയർഫോഴ്സിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
തിരുവനന്തപുരം: പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലെ പ്രതിരോധ-സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം അടച്ചിട്ട കോഴിക്കടകൾക്കും മുട്ട വിൽപനകേന്ദ്രങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ്.
90 ദിവസത്തേക്ക് സർവൈലൻസ് സോണിന് (ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ചുറ്റളവിൽ) അകത്തേക്കും പുറത്തേക്കും പക്ഷികൾ, പക്ഷിയിറച്ചി എന്നിവ നിരോധിച്ചിരിക്കുകയാണ്. എന്നാൽ, സർവയലൻസ് സോണിനുള്ളിലുള്ള പക്ഷികൾക്കുള്ള തീറ്റ കൊണ്ടുവരുന്നത് ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീറ്റ കൊണ്ടുവരുന്ന വാഹനങ്ങൾ അണുനശീകരണം ചെയ്തതിനുശേഷം മാത്രം സർവയലൻസ് സോണിനുള്ളിൽനിന്ന് പുറത്തുപോകണം.
സർവയലൻസ് സോണിനുള്ളിൽ പ്രവർത്തിക്കുന്ന എഗ്ഗർ നഴ്സറികളിൽ (രണ്ടു മാസത്തിന് താഴെ) ജീവനുള്ള കോഴികളെ വിൽക്കുന്നത് മൂന്നു മാസത്തേക്ക് പാടുള്ളതല്ല. മൂന്നുമാസത്തിനുശേഷം അവയെ സർവയലൻസ് സോണിനുള്ളിലോ പുറത്തോ വിൽപന നടത്താം.
സർവയലൻസ് സോണിനുള്ളിലുള്ള ലേയർ ഫാമുകളിൽ (രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ളതും മുട്ടയിടുന്നതുമായ കോഴികൾ) ഉൽപാദിപ്പിക്കപ്പെടുന്ന മുട്ട സർവയലൻസ് സോണിനുള്ളിൽ വിൽപന നടത്താം. മുട്ട ഉൽപാദനത്തിനു ശേഷം മാംസാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടക്കോഴികൾ സംസ്കരിച്ച് മാത്രമേ സർവയലൻസ് സോണിൽ വിൽപന നടത്താവൂ. സംസ്കരിച്ച് ഇറച്ചിയായി വിൽക്കാം. കോഴിയായി (ജീവനോടെ) വിൽക്കാൻ പാടില്ല.
സർവയലൻസ് സോണിനുള്ളിലുള്ള ബ്രോയിലർ ഫാമുകളിൽ നിലവിൽ ഇറച്ചിക്കോഴികളുണ്ടെങ്കിൽ അവയെ മാത്രം തുടർന്ന് വളർത്താം. അവ വിപണന പ്രായമെത്തുമ്പോൾ ഫാമിനുള്ളിൽ തന്നെ ശാസ്ത്രീയമായി സംസ്കരിച്ച് സർവയലൻസ് സോണിനുള്ളിൽ മാത്രം വിൽപന നടത്താം. ഇവയും കോഴിയായി (ജീവനോടെ) വിൽക്കാൻ പാടില്ല.
തിരുവനന്തപുരം: കൊന്നൊടുക്കിയവയിൽ അരുമപ്പക്ഷികളൊഴികെയുള്ളവക്ക് സർക്കാർ നഷ്ടപരിഹാരം നൽകും. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 100 രൂപ വീതവും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളവക്ക് 200 രൂപ വീതവുമാണ് നൽകുക.
മുട്ട ഒന്നിന് അഞ്ച് രൂപയും തീറ്റ കിലോഗ്രാമിന് 12 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകും. ആളുകളുടെ ഉപജീവനമാർഗം എന്ന നിലയിലാണ് ഇവക്ക് നഷ്ടപപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. സമാനരീതിയിൽ പക്ഷിപ്പനിമൂലം പക്ഷികളെ കൊന്നൊടുക്കിയ ആലപ്പുഴയിലും കോട്ടയത്തുമായി നാല് കോടി രൂപ കർഷകർക്ക് വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.