തിരുവനന്തപുരം: സി.പി.എമ്മിനെ പല സംഭവങ്ങളിലൂടെ നാണംകെടുത്തി തലസ്ഥാന ജില്ല. കുറ്റക്കാരെ സംരക്ഷിക്കുകയാണ് ജില്ല നേതൃത്വം. സംസ്ഥാന സെക്രട്ടറിയുടെ നിർദേശങ്ങൾപോലും ജില്ല നേതൃത്വം അവഗണിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ എസ്.എഫ്.ഐ ജില്ല നേതാക്കളെ സംരക്ഷിക്കുകയാണ് സി.പി.എം ജില്ല നേതൃത്വം.
എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റും സെക്രട്ടറിയും മദ്യലഹരിയിലെന്ന് ആരോപിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ ജില്ല കമ്മിറ്റി പിരിച്ചുവിടാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി പങ്കെടുത്ത എസ്.എഫ്.ഐ ജില്ല ഫ്രാക്‌ഷന്‍ യോഗത്തിലായിരുന്നു ഈ നിര്‍ദേശം നല്‍കിയത്.
എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. നേതാക്കളിൽ ചിലരുടെ സംരക്ഷണമുള്ളതിനാലാണ് നടപടിയുണ്ടാകാത്തതെന്നാണ് ആരോപണം. തന്‍റെ നിർദേശം നടപ്പാക്കാത്ത നടപടിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കടുത്ത അതൃപ്തിയിലാണ്.
നിരന്തരമായി ഇങ്ങനെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജനുവരി ആദ്യവാരം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജില്ല സമിതി ചേരുന്നത്. പുതിയ ജില്ല സെക്രട്ടറിയെ കണ്ടെത്താനാകാത്തതാണ് ജില്ലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒഴിവിൽ പകരം ആളെ പത്ത് മാസമായിട്ടും കണ്ടെത്തിയിട്ടില്ല. അത് പാർട്ടിയിലെ വിഭാഗീയതമൂലമാണെന്നും ആക്ഷേപമുണ്ട്. ദത്ത് വിവാദം, കത്തുവിവാദം, വിദ്യാര്‍ഥി - യുവജന സംഘടന നേതാക്കള്‍ക്കെതിരായ ലഹരി-പീഡന ആരോപണങ്ങള്‍ തുടങ്ങി തലസ്ഥാനത്തെ സി.പി.എമ്മിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.
അതിന് തടയിടേണ്ട ജില്ല നേതൃത്വത്തിന് അത് സാധിക്കുന്നുമില്ല. ഇത്ര നാളത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ കേള്‍ക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്തെ പാര്‍ട്ടിയില്‍നിന്ന് കേള്‍ക്കുന്നതെന്നാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടത്.
അതിനിടെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിനുശേഷം ബിയർ പാര്‍ലറില്‍ കയറി മദ്യപിച്ച ഡി.വൈ.എഫ്.ഐ നേതാവ് അഭിജിത്തെിെതിരെ സി.പി.എമ്മും നടപടിയെടുത്തു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗമായ അഭിജിത്ത് സി.പി.എം നേമം ഏരിയ കമ്മിറ്റിയംഗംകൂടിയാണ്.
ഇദ്ദേഹത്തെ തെരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുകയും ബ്രാഞ്ചിലേക്ക് തരം താഴ്ത്തുയും ചെയ്തിട്ടുണ്ട്. നേമം ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കാൻ കമീഷനെയും നിയമിച്ചു. ലഹരിവിരുദ്ധ പരിപാടിക്കുശേഷം മദ്യപിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ സംഘടന നേരത്തേ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.