തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനൊരുങ്ങി തലസ്ഥാനം. ശനിയാഴ്ച ആരംഭിക്കുന്ന ഉത്സവത്തിന് 25ന് നടക്കുന്ന പൊങ്കാല നിവേദ്യത്തോടെ പരിസമാപ്തിയാകും. പൊങ്കാല ഉത്സവത്തിന്റെ ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ഹരിതചട്ടം പാലിച്ച് ജില്ല ഭരണകൂടം, കോർപറേഷൻ, മറ്റിതര വകുപ്പുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്രമീകരണം. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ഹരിതചട്ടം പാലിക്കുന്നതിനായി എല്ലാ വകുപ്പുകളുടെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ എട്ടിന് ഉത്സവത്തിന് മുന്നോടിയായി ദേവിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് നടക്കും. കുംഭ മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രണ്ടു കാപ്പുകളില്‍ ഒന്ന് മേല്‍ശാന്തിയുടെ കൈയിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടും. ഇതോടൊപ്പം ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ട് തുടങ്ങും. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്. ഓരോ ദിവസവും പാടുന്ന കഥാഭാഗവും ആ ദിവസത്തെ ക്ഷേത്രചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടതാണ്. ദേവിയെ പാടി കുടിയിരുത്തുന്ന ഭാഗമാണ് ആദ്യദിവസം പാടുന്നത്.
മൂന്നാം ഉത്സവ ദിവസമായ 19ന് രാവിലെ കുത്തിയോട്ട വ്രതം ആരംഭിക്കും. ക്ഷേത്രത്തില്‍ താമസിച്ച് വ്രതം നോല്‍ക്കുന്ന കുട്ടികള്‍ ദിവസവും മൂന്നുനേരം കുളിച്ച് ഈറനണിഞ്ഞ് ദേവിക്ക് മുന്നില്‍ 1008 നമസ്ക്കാരം നടത്തും. കുത്തിയോട്ടത്തിനുള്ള ചൂരല്‍കുത്ത് പൊങ്കാലദിവസം വൈകീട്ട് നടത്തും. രാത്രി 11ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത്, പൂജകള്‍ക്ക് ശേഷം അടുത്ത ദിവസം പുലര്‍ച്ചെ തിരിച്ചെഴുന്നെള്ളും. രാത്രി ദേവിയുടെ കാപ്പഴിക്കും. 12.30ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
തിരുവനന്തപുരം: പതിവില്‍ കൂടുതല്‍ ഭക്തര്‍ എത്തിയാലും ദേവിയുടെ ദര്‍ശനം നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരേസമയം 5000 പേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യം തീര്‍ത്തിട്ടുണ്ട്. ഉത്സവനാളുകളില്‍ 45 ലക്ഷത്തോളം പേര് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലീസ്, ആരോഗ്യവകുപ്പ്, വാട്ടര്‍ അതോറിട്ടി, നഗരസഭ, കെ.എസ്.ആര്.ടി.സി, വൈദ്യുതി ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഭക്തരുടെ സൗകര്യത്തിനുണ്ടാകും. പാര്‍ക്കിങ്ങിനുള്ള ക്രമീകരണങ്ങളും വിപുലപ്പെടുത്തിയിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവനത്തിനൊരുങ്ങി തലസ്ഥാനം. പഴുതടച്ച സുരക്ഷ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങളും ജില്ല ഭരണകൂടം സജ്ജമാക്കും. രണ്ട് ഘട്ടങ്ങളായി തിരിച്ചാണ് പൊലീസിന്റെ സുരക്ഷക്രമീകരണങ്ങൾ. ഒന്നാംഘട്ടം 17 മുതൽ 23 വരെയും രണ്ടാം ഘട്ടം 24 മുതൽ 26 വരെയുമാണ്.
ഒന്നാംഘട്ടത്തിൽ 750 പൊലീസ് ഉദ്യോഗസ്ഥരാണ് ക്രമീകരണങ്ങളുടെ ഭാഗമാകുന്നത്. രണ്ടാംഘട്ടത്തിൽ നാല് എസ്.പിമാരുടെ മേൽനോട്ടത്തിൽ 3500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസര പ്രദേശങ്ങളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഉത്സവം ആരംഭിക്കുന്ന ശനിയാഴ്ച മുതൽ ആറ്റുകാൽ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം - പാടശ്ശേരി ചിറപ്പാലം വരെയുള്ള ബണ്ട്റോഡിലും, അട്ടക്കുളങ്ങര - മണക്കാട് - ആറ്റുകാൽ ക്ഷേത്ര റോഡ്, അട്ടക്കുളങ്ങര - വലിയപള്ളി റോഡ്, കമലേശ്വരം - വലിയപള്ളി റോഡ്, കൊഞ്ചിറ വിള - ആറ്റുകാൽ റോഡ്, ചിറമുക്ക് - ഐരാണിമുട്ടം റോഡ് തുടങ്ങിയ പ്രധാന റോഡു കളിലെ ഇരുവശങ്ങളിലും കൂടാതെ ക്ഷേത്രത്തിന് സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ അനുവദിക്കില്ല. ഗതാഗത തടസമോ, സുരക്ഷ പ്രശ്നങ്ങളോ ഉണ്ടാക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്.
ഇവിടങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജങ്ഷനുകളിലും വീതി കുറഞ്ഞ റോഡു കളിലും പാർക്കിങ് അനുവദിക്കില്ല.
ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് വരുന്ന വിളക്കുകെട്ടുകള്‍ കിള്ളിപ്പാലം - ബണ്ട് റോഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിക്കണം ചെറിയ വാഹനങ്ങള്‍ മണക്കാട് മാര്‍ക്കറ്റ് റോഡ് വഴി ക്ഷേത്ര ത്തിലേക്കും തിരിച്ച് മേടമുക്ക്- മണക്കാട്- വലിയപള്ളി, മണക്കാട്- ഈസ്റ്റ്ഫോര്‍ട്ട് വഴി പോകണം. ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ആറ്റുകാൽ ക്ഷേത്രം പാര്‍ക്കിങ് ഗ്രൗണ്ടിലും, ഫാര്‍മസി കോളേജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.
റോഡുകളുടെ അറ്റകുറ്റപ്പണികൾ സ്വീവർ ലൈനുകളുടെ ക്ലീനിങ് എന്നിവ പുരോഗമിക്കുന്നു. പി.ഡബ്ല്യു.ഡി വിഭാഗത്തിന്റെ 11 റോഡുകളിൽ ഏഴ് റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ബാക്കിയുള്ളവ പുരോഗമിക്കുന്നു. കെ.ആർ.എഫ്.ബി യുടെ 29 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ പൊങ്കാലയ്ക്കായി അനുയോജ്യമാക്കും. സ്മാർട്ട് സിറ്റി 28 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.