ചിറയിൻകീഴ്: മുതലപ്പൊഴി തുറമുഖത്ത് തിരയിൽപെട്ട വള്ളത്തിൽ വീണ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. പൂത്തുറ എഡിസന്റെ ഉടമസ്ഥതയിലുള്ള ഹോളി സ്പിരിറ്റ് വള്ളത്തിലെ തൊഴിലാളി ചിറയിൻകീഴ് സ്വദേശി ഷിബുവിനാണ് (48) പരിക്കേറ്റത്.
വ്യാഴാഴ്ച പുലർച്ച ആറിനാണ് സംഭവം. മത്സ്യബന്ധത്തിന് പോകുന്നതിനിടയിൽ മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയിൽപെട്ട് വള്ളം നിയന്ത്രണംവിട്ടു. ഈ സമയം ഷിബു തെറിച്ച് വീഴുകയും മുഖത്തും കാലിനും പരിക്കേൽക്കുകയുമായിരുന്നു. ശാന്തിപുരം സ്വദേശി ഫെബിനും ഇതേ വള്ളത്തിലുണ്ടായിരുന്നു.
മറൈൻ എൻഫോഴ്മെന്റ് സി.പി.ഒ അനന്തുവിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിലായിരുന്ന ഫിഷറിസ് വകുപ്പിന്റെ തോണിയിൽ ലൈഫ് ഗാർഡുമാരായ രാജു, തങ്കരാജ്, ജോസ്, പനിയടിമ, ജില്ലർ എന്നിവർ ഉടൻ ഇരുവരെയും രക്ഷിച്ച് കരക്കെത്തിച്ചു. ഷിബുവിനെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ചിറയിൽകീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി.
സെപ്റ്റംമ്പർ അഞ്ചുവരെ മുതലപ്പൊഴി അടയ്ക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുതലപ്പൊഴി അഴിമുഖത്ത് ചേർന്ന സംയുക്ത മത്സ്യത്തൊഴിലാളി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
മുതലപ്പൊഴിയുടെ അശാസ്ത്രിയ നിർമിതികൾമൂലം മത്സ്യബന്ധനം അപകടകരമായ പശ്ചാത്തലത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല കമ്മിറ്റി വിളിച്ചുചേർത്ത തൊഴിലാളികളുടെയും മേഖലയിലെ വിദഗ്ധരുടെയും ട്രേഡ് യൂനിയൻ നേതാക്കളുടെയും സംയുക്ത യോഗമാണ് ആവശ്യം ഉന്നയിച്ചത്.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ മോഡറേറ്ററായി. എ.ജെ. വിജയൻ വിഷയാവതരണം നടത്തി. ആന്റോ ഏലിയാസ്, ബിനു പീറ്റർ, എം. പോൾ, സി. മേഴ്സി മാത്യു, ആൽഫോൻസ്, സുലൈമാൻ, വലേരിയൻ ഐസക്ക്, ബിനു, ഡെന്നിസ്, ഫാ. ബേബി എബിൻ രാജ്, ചാലി, ഔസേഫ് ആന്റണി, ജോഷി, ഫാ. ബെന്നി, പി.വൈ. അനിൽ, ബെന്നി, സജൻ, ഡോ. സജിത, അനു, അരുൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.